വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച ; ജുഡീഷ്യല്‍ കമ്മീഷന്‍
വാളയാറില്‍ സഹോദങ്ങളായ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപെടുത്തിയ സംഭവത്തിലെ ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നിയമസഭയില്‍. പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച ഉണ്ടായെന്ന് കമ്മീഷന്‍ കണ്ടെത്തി. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ പി.സി ചാക്കോയെ സ്ഥിരമായി അന്വേഷത്തില്‍ നിന്ന് ഒഴിവാക്കി. ലത ജയരാജിനേയും ജലജ മാധവനെയും പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണിക്കില്ലന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
കഴിഞ്ഞാഴ്ച ജുഡീഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചാണ് സര്‍ക്കാര്‍ നിയമസഭയില്‍ വച്ചത്. 151 പേജുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേസ് അന്വേഷണത്തില്‍ പൊലിസും വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ നടത്തിയ ഗുരുതര വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. കേസ് അന്വേഷിച്ച വാളയാര്‍ സ്റ്റേഷനിലെ മുന്‍ എസ് ഐ പി സി ചാക്കോ ആദ്യഘട്ടം മുതല്‍ ഗുരുതര വീഴ്ച വരുത്തി.പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയില്ല. പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ അന്വേഷത്തില്‍ നടത്തി. ആദ്യ പെണ്‍കുട്ടി മരിച്ച ശേഷം രണ്ടാമത്തെ പെണ്‍കുട്ടി സുരക്ഷിതയല്ലെന്ന് ഉദ്യോഗസ്ഥന് അറിയാമായിരിന്നു.എന്നിട്ടും കുട്ടിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയില്ല. പി.സി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
പി.സി ചാക്കോയെ സ്ഥിരമായി അന്വേഷണ ചുമതലകളില്‍ നിന്ന് ഒഴിവാക്കാനും മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാനും കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊലീസിന്റെ കുറ്റപത്രം കേസ് തെളിയാക്കാന്‍ പര്യാപ്തമല്ലെന്ന് പ്രോസിക്യൂട്ടര്‍മാര്ക്ക് അറിയാമായിരിന്നു എന്നതാണ് ലത ജയരാജിനും ജലജമാധവനും എതിരായ കണ്ടെത്തല്‍. തുടരന്വേഷണം ആവശ്യപ്പെടാമായിരുന്നിട്ടും പ്രോസിക്യൂഷന്‍ ചെയ്യാതിരുന്നത് പ്രതികളെ രക്ഷപെടുത്താന്‍ വേണ്ടിയാണെന്നാണ് കണ്ടെത്തല്‍.
ലത ജയരാജിനേയും ജലജ മാധവനെയും പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണിക്കില്ലെന്നാണ് കമ്മീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.മറ്റ് ശിപാര്‍ശകളും പി.കെ ഹനീഫ കമ്മിഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് 2 മാസം പ്രാരംഭ പരിശീലനം നല്‍കണം ,സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനു മുമ്പ് അഡ്വക്കേറ്റുമാരുടെ പാനല്‍ തയ്യാറാക്കണം .കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടണം തുടങ്ങിയ ശിപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചു