മുഖ്യമന്ത്രിയുടെ തള്ള് കുറച്ച് മയത്തിലൊക്കെ ആകാം എന്ന് ചെന്നിത്തല
മുഖ്യമന്ത്രിയുടെ തള്ള് അല്‍പം കൂടിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ചുകൊണ്ട് ചെന്നിത്തലയുടെ പരിഹാസം. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്രയും വലിയ തള്ള വേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ ആകാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
‘പാര്‍ട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോണ്‍ഗ്രസിനെതിരെ ഗ്രൂപ്പ് കളി ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പുകളിയുടെ ആശാനാണ് പിണറായി’ ചെന്നിത്തല പറഞ്ഞു. ലാവ്‌ലിനില്‍ പിണറായി ബി.ജെ.പിയുമായി അന്തര്‍ധാരയുണ്ടാക്കിയെന്നും ധാരണയുടെ ഭാഗമായിട്ടാണ് കേസ് 20 വട്ടം മാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത്? കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചത്.
അതേസമയം യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതില്‍ ആശങ്കയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ കൂടുതല്‍ ലഹരിമരുന്ന് വിപണനം നടക്കുന്നത് കേരളത്തിലെന്ന പ്രതിപക്ഷ ആരോപണം എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ തള്ളി. കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി ആരോപണം നിഷേധിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ലഹരി മരുന്ന് വിപണനം നടത്തിയാല്‍ ആ സ്ഥാപനങ്ങള്‍ പിന്നീട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ലഹരി കടത്ത് സംബന്ധിച്ച ചോദ്യങ്ങളിലൂടെ ബിനിഷ് കോടിയേരിയേയും പ്രതിപക്ഷം ഉന്നമിട്ടു. ലഹരി കടത്ത് കേസ് പ്രതികള്‍ക്കൊപ്പം ബിനിഷ് നില്‍ക്കുന്ന ചിത്രമായിരുന്നു എം. വിന്‍സെന്റ് പരാമര്‍ശിച്ചത്. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കുറിച്ചുളള പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യങ്ങളില്‍ നിന്ന് എക്സൈസ് മന്ത്രി ഒഴിഞ്ഞു മാറി.