ജെസ്നയുടെ തിരോധാനം ; ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു
മൂന്ന് വര്‍ഷം മുന്‍പ് കാണാതായ പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജെസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ളതിനാല്‍ ഹര്ജി തള്ളേണ്ടി വരുമെന്ന ഹൈക്കോടതി മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരുന്നത്. ജെസ്നയെ കാണാതായി മൂന്ന് വര്‍ഷം തികയറായിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോടതി നടപടികള്‍ ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു ഹര്‍ജി. പൊലീസ് മേധാവി, മുന്‍ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി, പത്തനംതിട്ട മുന്‍ എസ്പി കെ ജി സൈമണ്‍ എന്നിവരെ എതിര്‍കക്ഷികള്‍ ആക്കിയാണ് ഹര്‍ജി നല്‍കിയിരുന്നത്.
പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിയായ ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു ജെസ്ന. അന്നേ ദിവസം രാവിലെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ജെസ്‌നയ്ക്ക് വേണ്ടി പോലീസ് വ്യാപകമായ അന്വേഷണം നടത്തി എങ്കിലും ഇതുവരെയും കുട്ടിയെ പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ല.