എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം

ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു . ക്ഷേമ പെന്‍ഷനുകള്‍ നൂറുരൂപ വര്‍ധിപ്പിച്ച് പ്രതിമാസം 1600 രൂപയാക്കി. സൗജന്യ കിറ്റ് വിതരണം തുടരുമെന്നും നീല, വെള്ള കാര്‍ഡുകള്‍ക്ക് 10 കിലോ അരി 15 രൂപക്ക് നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്.

മത്സ്യ മേഖലക്ക് 1500 കോടി രൂപയും, തീരസംരക്ഷണത്തിന് പ്രത്യേക പദ്ധതി, കിഫ്ബി വഴി 10000 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് പുനര്‍ഗേഹം പദ്ധതി വഴി 100 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് വായ്പ മൊട്ടോറൈസേഷന്‍ സബ്‌സിഡി നല്‍കും. 10 കോടി രൂപ ഓണ്‍ലൈന്‍ വ്യാപാരത്തിനും ഇ ഓട്ടോക്കും സബ്‌സിഡി നല്‍കും. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാന്‍ മത്സ്യഫെഡ് വഴി 25 ശതമാനം സബ്‌സിഡിയും നല്‍കും.

അതുപോലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് ജനുവരി അവസാനം ലഭിക്കുമെന്നും കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മാസം മുതല്‍ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചുകൊണ്ട് ഉത്തരവ് ഇറക്കുമെന്നും കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലെന്നപോലെ ശമ്പള കുടിശിക 3 ഗഡുക്കളായി പിന്നീട് നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഫെബ്രുവരിയില്‍ ആരംഭിക്കും. ഇതിനുള്ള കരട് നിയമം രൂപം കൊണ്ടുകഴിഞ്ഞു. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. തൊഴില്‍സേനയില്‍നിന്ന് പുറത്തു പോകുമ്പോള്‍ ഈ തുക പൂര്‍ണമായും അംഗത്തിന് ലഭിക്കും.