കൊല്ലത്ത് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ അപകട മരണം

കൊല്ലം കൊട്ടാരക്കര ദേശീയ പാതയില്‍ ചന്ദനത്തോപ്പിന് സമീപം രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത് . ഇരവിപുരം ചകിരിക്കട സ്വദേശി സലീമാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. കുണ്ടറ ഭാഗത്തേക്ക് പോവുകയായിരുന്ന സലീം സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടറില്‍ ലോറി തട്ടി നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് കയറുകയായിരുന്നു. അപകട നടന്ന സ്ഥലത്തിന് കുറച്ചടുത്തായി പൊലീസ് വാഹനം നിര്‍ത്തിയിട്ടിരിപ്പുണ്ടായിരുന്നു.

വാഹന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇവിടെ പൊലീസ് വാഹനം ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊലീസിനെ കണ്ട ബൈക്ക് യാത്രികന്‍ തന്റെ വാഹനം വെട്ടി തിരിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ തടിച്ച് കൂടിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. നാട്ടുകാര്‍ സംഘടിച്ച് പൊലീസ് വാഹനം തടഞ്ഞിട്ടു തുടര്‍ന്ന് കുണ്ടറ സി.ഐ. ജയകൃഷ്ണന്‍ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല.

പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. എ എസ്.പി മധുസൂദനന്‍ സംഭവസ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയത്. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പരിശോധിക്കാമെന്ന ഉറപ്പിന്‍മേല്‍ നാട്ടുകാര്‍ പൊലീസ് വാഹനം വിട്ട് നല്‍കി. എന്നാല്‍ അപകടത്തിന്റെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ലോറിയുടെ പിഴവാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരേ ദിശയിലായിരുന്നു ഇരുചക്രവാഹനവും ലോറിയും സഞ്ചരിച്ചിരിച്ചത്. പോലീസ് ലോറിക്കു കൈ കാണിച്ചപ്പോള്‍ മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹന യാത്രികന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തുവെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.സലീമിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അതേസമയം പോലീസ് വാഹനം തടഞ്ഞിട്ടതിനും, പോലീസിന്റെ ജോലി തടസപ്പെടുത്തിയതിനും നാട്ടുകാര്‍ക്ക് എതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.