സെന്‍: സംശുദ്ധ സ്നേഹത്തിലേക്കുളള രാജപാത (ഒന്നാം ഭാഗം)
ആന്റണി പുത്തന്‍പുരയ്ക്കല്‍
സെന്‍ ഒരു മാന്ത്രിക ലോകമാണ്. ഓരോ വഴിയാത്രക്കാരനും താന്‍ കാണാന്‍ ആഗ്രഹിക്കുന്നത് കാണുന്നു, ഓരോരുത്തര്‍ക്കും അവരവര്‍ ആഗ്രഹിക്കുന്നത് ലഭിക്കുന്നു. ഓരോ വ്യക്തിയും യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്നതും മനസ്സിലാക്കുന്നതും സാക്ഷാത്കരിക്കുന്നതും വ്യത്യസ്ത രീതിയിലാണ്. സെന്നിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് അഞ്ച് അന്ധന്മാര്‍ ആനയെന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. ഓരോരുത്തരും ആനയുടെ ഒരു ഭാഗം മാത്രം സ്പര്‍ശിക്കുന്നു. ഓരോന്നും ശരിയാണ്, പക്ഷേ ഭാഗികമായി മാത്രം. സെന്നിനെ അതിന്റെ പൂര്‍ണ്ണതയില്‍ താരതമ്യേന അറിയാന്‍ ആര്‍ക്കും കഴിയില്ല, കാരണം, സെന്‍ നമ്മുടെ ജീവിതത്തിന്റെ പ്രതിഫലനമാണ്. ഓരോ പ്രതിഫലനവും തികച്ചും വ്യത്യസ്തവുമാണ്. എന്നാല്‍ ഒരാള്‍ക്ക് അതിന്റെ ഹൃദയത്തെയും ആത്മാവിനെയും തിരിച്ചറിയുവാനും മനസ്സിലാക്കുവാനും കഴിയും. ഇത് ഒരു ഉണര്‍ത്തലും (enlightenment) സാക്ഷാത്കാരവും തിരിച്ചറിയലുമാണ്. ശാക്യമുനി എന്നറിയപ്പെടുന്ന ധന്യബുദ്ധന്‍ വളര്‍ത്തിയെടുത്ത ധ്യാനനിഷ്ഠ ചൈനയിലെ താവോയിസവുമായി ലയിക്കുകയും, ധ്യാനത്തിന്റെ ചൈനീസ് പദമായ ചാന്‍ ആയി പരിണമിക്കുകയും ചെയ്തു. ജപ്പാനില്‍ ഇതു സെന്‍ പേരില്‍ അറിയപ്പെടുന്നു. സെന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ധ്യാനം എന്നാണ്.
സ്‌നേഹം മനുഷ്യരിലും മൃഗങ്ങളിലും കാണപ്പെടുന്ന അതിജീവനത്തിനുവേണ്ടിയുളള ഒരു ആന്തരികത്വര മാത്രമാണ്. മാതൃത്വം നല്കുന്ന കരുതലും പരിരക്ഷയുമാണ് ഇതിന്റെ അടിസ്ഥാന പ്രേരകശക്തി. ഇത് അടിസ്ഥാനപരമായ ഒരു വികാരം പോലുമല്ല. എന്നാല്‍ നമ്മള്‍ ഇതൊരു വികാരമായി കണക്കാക്കുകയും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ശരിയായ ധാരണയല്ല ഇത്. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നൊരാള്‍ പറയുമ്പോള്‍ എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഒരാള്‍, മറ്റൊരാളെ, മറ്റുള്ളവരേക്കാള്‍ കൂടുതലായി ഇഷ്ടപ്പെടുന്നു എന്നല്ലേ? മൃഗങ്ങള്‍ തമ്മില്‍ തമ്മിലും, മനുഷ്യരോടും കാണിക്കുന്ന പ്രതിപത്തി സ്‌നേഹമല്ല. അതിനെ നമുക്ക് ഇഷ്ടം അല്ലെങ്കില്‍ മമത എന്ന് വിളിക്കാം.
തലമുറകളായി തത്ത്വചിന്തകര്‍, കവികള്‍, എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, മതപ്രസംഗകര്‍ എന്നിവരുടെയെല്ലാം പ്രിയപ്പെട്ട വിഷയമാണ് സ്‌നേഹം പ്രണയം എന്നിവ. സ്‌നേഹമെന്ന വിഷയത്തെക്കുറിച്ചു പഠിക്കുവാനും അതിനെ നിര്‍വ്വചിക്കുവാനും വേണ്ടി മനുഷ്യര്‍ ധാരാളം സമയം ചെലവഴിക്കുന്നു. എന്നാല്‍, നമുക്കു കാര്യമായി മനസ്സിലാക്കുവാനോ, പ്രാവര്‍ത്തികമാക്കുവാനോ കഴിയാത്ത, ഒരു പെരുമാറ്റരീതിയാണ് സ്‌നേഹം. സിരാവിജ്ഞാനീയരുടെ അഭിപ്രായത്തില്‍ മനുഷ്യന്റെ എല്ലാ അനുഭവങ്ങളിലും ജീവിതത്തിലും ബന്ധങ്ങളിലും ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണിത്. സ്‌നേഹത്തെ നമുക്ക് ഇങ്ങനെ നിര്‍വചിക്കാം: മൃഗങ്ങളിലും മനുഷ്യരിലും കാണപ്പെടുന്ന ജൈവസ്വഭാവത്തെ നിലനിര്‍ത്തുവാനുളള ആഴത്തില്‍ വേരൂന്നിയ അടിസ്ഥാനപരമായ ആന്തരികത്വരയാണ് സ്‌നേഹം. ആഴമായി പഠിച്ചാല്‍, യഥാര്‍ത്ഥത്തില്‍, സ്‌നേഹം മനസ്സിന്റെയും മസ്തിഷ്‌കത്തിന്റെയും ഒരു ഉല്‍പ്പന്നമാണ്.
സ്‌നേഹത്തിന് പ്രണയമെന്ന പരിമാണം കൂടിയുണ്ട്. കാല്പനികമായ (romantic) പ്രണയത്തിന്റെ പ്രധാന സവിശേഷത ആസക്തിയാണ്: ഒരു പ്രത്യേക വ്യക്തിയുമായി ലൈംഗികബന്ധത്തില്‍ മാത്രമല്ല, വൈകാരികമായും അടുക്കുവാനുള്ള തീവ്രമായ ആഗ്രഹം. ഇതൊരു ജൈവികത്വരയാണ്. പ്രണയത്തിന്റെ ആവേഗം അനുഭവിക്കുമ്പോള്‍ ജീവികളുടെ ശരീരത്തിലും തലച്ചോറിലും കൂടുതല്‍ പ്രകടമായ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. പ്രണയം അസാധാരണമായ ആസക്തി നമ്മില്‍ സൃഷ്ടിക്കുന്നു. വാത്സല്യം, ആകര്‍ഷണം, ഉത്തേജനം എന്നിവയുടെ മിശ്രിതം തലച്ചോറിലും നാഡീവ്യവസ്ഥയിലും ഈ സമയത്ത് സ്‌ഫോടനാത്മകവുമാണ്.
മനുഷ്യജീവിതത്തിന്റെ സമഗ്രതയെക്കുറിച്ചാണ് ബുദ്ധന്‍ എപ്പോഴും സംസാരിച്ചത്. അതുകൊണ്ട് സെന്നിലും സ്‌നേഹവും ജീവിതവും വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച വിഷയങ്ങളാണ്. സ്‌നേഹത്തെക്കുറിച്ചുള്ള ബുദ്ധന്റെ പ്രബോധനങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നത് യഥാര്‍ത്ഥ സ്‌നേഹം ക്രിയാത്മകവും പ്രബുദ്ധവുമായ ഒന്നായിരിക്കണം എന്നാണ്. അത് നമ്മുടെ ജീവിതത്തില്‍ സന്തോഷവും സ്വാതന്ത്ര്യവും നല്കണം. ഇങ്ങനെയുള്ള സ്‌നേഹം എങ്ങനെയാണ് വളര്‍ത്തിയെടുക്കേണ്ടത്? ഇതിനുള്ള ഒരേയൊരു മാര്‍ഗ്ഗം വരണരഹിതമായ ജീവിതരീതിയാണ്.