കെ.എസ്.ആര്‍.ടി .സിയില്‍ വന്‍ അഴിമതി ; 100 കോടി രൂപ കാണാനില്ല

കെ.എസ്.ആര്‍.ടിസിയില്‍ നടന്നു വരുന്നത് വന്‍ അഴിമതിയെന്ന് എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ്. കോര്‍പ്പറേഷനില്‍ നിന്നും 100 കോടി രൂപ കാണാനില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ ശ്രീകുമാര്‍, ശറഫുദ്ധീന്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ കെ.എസ്.ആര്‍.ടിസി ഒന്നുകില്‍ നന്നാക്കുമെന്നും അല്ലെങ്കില്‍ പുറത്തുപോകുമെന്നും ബിജു പ്രഭാകര്‍ ഐ.എ.എസ് തുറന്നടിച്ചു.

‘ശ്രീകുമാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ശ്രീകുമാറിനെതിരെ ഷോ കോസ് നോട്ടീസ് പുറപ്പെടുവിക്കുകയാണ്. ട്രാന്‍സ്ഫര്‍ നടപടി സ്വീകരിക്കും. ശറഫുദ്ധീന്‍ എന്നയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പോക്‌സോ കേസ് പ്രതിയെ സര്‍വീസില്‍ തിരിച്ചെടുത്തു.”ബിജു പ്രഭാകര്‍ ഐ.എ.എസ് ആരോപിച്ചു. ”100 കോടി രൂപയാണ് കാണാതായിരുന്നത്. ഇവിടൊരു അക്കൗണ്ടിംഗ് സിസ്റ്റം ഇല്ല.ഇത് ടോപ് മാനേജ്‌മെന്റിന്റെ പിടിപ്പ് കേട് തന്നെയാണ്. അവര്‍ക്കെതിരായ ശിക്ഷണ നടപടികള്‍ തുടങ്ങുകയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവനക്കാര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് എം.ഡി ഉന്നയിച്ചിരിക്കുന്നത്. ജീവനക്കാരില്‍ ചിലര്‍ ഡീസല്‍ മോഷ്ടിക്കുന്നു. 10 ശതമാനം പേര്‍ക്ക് കെഎസ്ആര്‍ടിസി നന്നാകണമെന്ന് ആഗ്രഹമില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. 2012 മുതല്‍ 2015 വരെയുളള കാലയളവിലാണ് 100 കോടിയോളം രൂപ കാണാതായത്.

ജീവനക്കാരില്‍ 7090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ് സര്‍വീസുകാരെ സഹായിക്കാനുളള ശ്രമമാണ് നടത്തുന്നത്.കെ എസ് ആര്‍ ടി സി കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്. പുതിയ കമ്പനി രൂപീകരിക്കുമെന്ന് കരുതി കെ എസ് ആര്‍ ടി സിയെ മുറിച്ച് മാറ്റില്ല. വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്‍കുന്ന നടപടി സുതാര്യമാണ്.