ഹലാല്‍: ഒരു യൂറോപ്യന്‍ വിചാരം

സി.വി എബ്രഹാം, സ്വിറ്റ്സര്‍ലന്‍ഡ്

നാളിതു വരെ ഭൂരിഭാഗം മലയാളികള്‍ക്കും അപരിചിതമായിരുന്ന `ഹലാല്‍` പലരുടെയും ഉറക്കം കെടുത്തിക്കൊണ്ടു കടന്നു വരുമ്പോള്‍, വിമര്‍ശനത്തിനും കലഹത്തിനുമൊക്കെ ഇറങ്ങിപുറപ്പെടും മുന്‍പ് എന്താണീ ഹലാലെന്നും, കേരളത്തില്‍ അതിന്റെ പ്രായോഗികത എത്രമാത്രമെന്നും, ഈ രീതിയില്‍ തയാറാക്കുന്ന മാംസമാണോ ഏറ്റവും വൃത്തിയുള്ളതും ആരോഗ്യദായകവുമെന്നും, കൊല്ലപ്പെടുന്ന മൃഗത്തോടുള്ള `കരുതല്‍` നിയമം അനുശാസിക്കും വിധം നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നും ഹലാല്‍ രീതി എല്ലാ രാജ്യങ്ങളും അനുവദിച്ചിട്ടുണ്ടോ എന്നും ഒക്കെ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

ആദ്യമേ തന്നെ പറയട്ടെ, വികസിത രാജ്യങ്ങളിലൊക്കെ അറവുശാലകളില്‍ ജോലി ചെയ്യാന്‍ വരെ 3 മുതല്‍ 4 വര്‍ഷം വരെ ദീര്‍ഘിക്കുന്ന കോഴ്‌സ് പാസ്സായിരിക്കണം.

`ഹലാല്‍ എന്നാല്‍ അനുവദിക്കപ്പെട്ടത്, ഹലാല്‍ മാംസമെന്നാല്‍ ലളിതമായി മനസ്സിലാക്കേണ്ടത്, മറ്റു രീതികളില്‍ നിന്നും വ്യത്യസ്തമായി ഇസ്ലാം വിധി പ്രകാരം മൃഗങ്ങളെ കൊന്നു പാകപ്പെടുത്തിയത് `

ഈ വിധി പ്രകാരം, കൊല്ലുന്നതിനു മുന്‍പ് ചെറിയ പ്രാര്‍ത്ഥനയോ, ഏറ്റവും കുറഞ്ഞത് അല്ലാഹു വിന്റെ നാമം പറഞ്ഞോ മൂര്‍ച്ചയുള്ള കത്തികൊണ്ട് മൃഗങ്ങളുടെ കഴുത്തു കുരവള്ളി വരെ മുറിച്ച് മുഴുവന്‍ രക്തവും ഒഴുക്കി കളഞ്ഞിരിക്കും.

മലേഷ്യയിലും ഇന്തോനേഷ്യയിലുമൊക്കെ, മുസ്ലിമുകള്‍ കൊല്ലുമ്പോള്‍ മാത്രം ഹലാലാണെങ്കില്‍, പല അറേബ്യാന്‍ രാജ്യങ്ങളിലും, യെഹൂദനോ, ക്രിസ്ത്യാനിയോ കൊന്നാലും ഹലാലാണ്.

അറവു ശാലകള്‍ മെക്കായിലേയ്ക്കു ദര്‍ശനം വച്ചാണു പണി കഴിപ്പിക്കേണ്ടതെന്നു ഷിയാ മുസ്ലിംകള്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍, സുന്നികള്‍ ഇതില്‍ നിര്‍ബന്ധ ബുദ്ധി കാട്ടുന്നില്ല.

മേല്പറഞ്ഞ നിബന്ധനകള്‍ പാലിച്ചു മൃഗങ്ങളെ കശാപ്പു ചെയ്യുന്ന രീതി യെഹൂദരില്‍ നിന്നുമാണ് മുസ്ലിം വിഭാഗക്കാര്‍ കടം കൊണ്ടത്.

മുഴുവന്‍ രക്തവും ഒഴുക്കിക്കളഞ്ഞിട്ടാണ് ഹലാല്‍ അറവു ശാലകളില്‍ നിന്നും മാംസം ഉപഭോക്താവിന്റെ കൈലെത്തുന്നതെന്നു കരുതപ്പെടുന്നെങ്കിലും യാഥാര്‍ഥ്യം അങ്ങനെയല്ലെന്നാണ് യൂറോപ്പിലെ വലിയ അറവുശാലകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 40 % ത്തിലധികം രക്തത്തോടെയൊക്കെയാണത്രെ അവര്‍ മാംസം പുറത്തു വിടുന്നത്.

ഹലാല്‍ എന്നാല്‍ ശുദ്ധമായതെന്നുള്ള വ്യാഖാനം എത്രത്തോളം ശരിയാണെന്നത് ഓരോരുത്തരും ശുദ്ധിയ്ക്കു കൊടുക്കുന്ന മാനദണ്ഡമനുസരിച്ചിരിക്കും.

എന്തായാലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഹലാല്‍ അറവ് നിരോധിച്ചിരിക്കുന്നു. സ്വിറ്റസര്‍ലണ്ടില്‍ 120 വര്‍ഷങ്ങള്‍ക്കു മുമ്പേ നിരോധിച്ചതാണ് ഈ അറവ് രീതി.

മൃഗങ്ങളെ കരുതലോടെ സംരക്ഷിക്കുന്ന യൂറോപ്യര്‍ അവയെ വേദന അറിയാതെ കൊല്ലുന്ന രീതിയാണ് പിന്തുടരുന്നത്.

കൊല്ലാന്‍ തീരുമാനിക്കുന്ന മൃഗങ്ങള്‍ രോഗമുക്തമാണെന്ന വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രം ഉണ്ടെങ്കില്‍ മാത്രമേ അതിനെ കൊല്ലാന്‍ അനുവാദമുള്ളൂ. അതുപോലെ കൊല്ലുന്നതിനു മിന്‍പ് അവയെ മരുന്ന് കുത്തിവച്ചു മയക്കിയിരിക്കും.

ഇതൊന്നും ഹലാല്‍ അറിവ് ശാലകള്‍ പാലിക്കാന്‍ തയാറാവാത്തതുകൊണ്ട് സ്വിറ്റസര്‍ലണ്ടിലെ ചില കടകള്‍ക്കു മാത്രം ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ഹലാല്‍ മാംസം ഇറക്കുമതി ചെയ്യാന്‍ അനുവാദം കൊടുത്തിരിക്കുന്നു.

ഗുണമേന്മയിലും, വൃത്തിയിലും സ്വിസ്സ്/ യൂറോപ്യന്‍ ഇറച്ചിക്കടക്കാര്‍ക്ക് `ഹലാല്‍ ` ഒരു വെല്ലു വിളിയാകുമെന്ന ഭയം തീരെയില്ല.

കേരളത്തിലെ ഹലാല്‍ സംരംഭത്തെപ്പറ്റി പറയുമ്പോള്‍, അങ്ങനെയൊരു ബോര്‍ഡു തുക്കാമെന്നല്ലാതെ ആ മാംസത്തിന് ഇത്ര നാളും നമ്മള്‍ ഉപയോഗിച്ചിരുന്ന മാംസത്തെക്കാള്‍ എന്തു ഗുണമേന്മയാവും അവകാശപ്പെടാനുണ്ടാവുക!

കടയില്‍ വില്പനയ്ക്ക് വച്ചിരിക്കുന്ന എല്ലാത്തിന്റെയും മുകളില്‍ ഹലാല്‍ ലേബലുകള്‍ ഒട്ടിക്കുന്നത് എന്ത് മാനദന്ധം അനുസരിച്ചാവും!

മൃഗങ്ങളെ നിര്‍ദ്ദയം കഴുത്തുമുറിച്ചു കൊല്ലുന്ന, വേദനയോടെ അവ പിടഞ്ഞു ചാകുന്ന രംഗം മനസ്സിലോര്‍ക്കുന്ന ഒരുവനും ഹലാല്‍ ഇറച്ചി സമാധാനമായി തൊണ്ടയില്‍ നിന്നും ഇറക്കി വിടാന്‍ സാധിക്കില്ല.

പക്ഷെ ഗള്‍ഫ് മേഖലകളില്‍ ജീവിച്ചു തിരിച്ചു വരുന്ന, ഹലാല്‍ കടകളില്‍ നിന്നും മാത്രം മാംസം വാങ്ങി പരിചയിച്ചവര്‍ക്ക് ഇവിടെ ഹലാല്‍ എന്ന ബോര്‍ഡ് കാണുമ്പോള്‍ തീര്‍ച്ചയായും അങ്ങോട്ടേയ്ക്ക് അറിയാതെ തന്നെയൊരു ഉള്‍വിളിയുണ്ടാവും; തനി വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ശീലിച്ചവനെ ആര്യഭവന്‍ ബോര്‍ഡുകള്‍ വലിച്ചടുപ്പിക്കുന്നതുപോലെ.

വലിയ കോലാഹലങ്ങളൊന്നുമില്ലാതെ ഇടയ്‌ക്കൊരു ഹലാല്‍ ബോര്‍ഡ് വച്ചതുകൊണ്ട് സമൂഹത്തില്‍ പ്രത്യേകിച്ചു ചലനങ്ങളൊന്നും സംഭവിക്കാന്‍ പോകുന്നില്ല;

എന്നാല്‍ ആ ബോര്‍ഡിന് കീഴില്‍ മറ്റു കടകളില്‍ ലഭിക്കുന്നതിലും വൃത്തിയുള്ളതാണ് ഉപഭോഗ്ത്താവിനു സപ്ലൈ ചെയ്യുന്നതെന്ന അവകാശവാദം മുഴക്കിയാല്‍ അതു മൂലമുണ്ടാവുന്ന പ്രതികരണങ്ങള്‍ പ്രവചനാതീതമാവും.

ക്രിസ്ത്യാനികള്‍ അവരുടെ പള്ളികളില്‍ വെഞ്ചരിച്ച വെള്ളത്തില്‍ പാകം ചെയ്ത വിഭവങ്ങളും,

ഹിന്ദുക്കള്‍ നാമം ജപിച്ചു പാചകം ചെയ്തവയുമൊക്കെയായി വിപണികള്‍ നിറയുമ്പോള്‍ …..

ഇനി എന്തെഴുതണമെന്നറിയില്ല???????????