പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ല എന്ന് വാട്‌സാപ്പ്
തങ്ങളുടെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ വാട്സ്ആപ്പ് കമ്പനിക്കോ ഫേസ്ബുക്കിനോ കഴിയില്ലെന്നും കമ്പനിയുടെ പ്രസ്താവനയിലുണ്ട്. വാട്സ്ആപ്പ് ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡായി തുടരുമെന്നും കമ്പനി വ്യക്തമാക്കി. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിന് ശേഷം വാട്സ്ആപ്പ് ഉപയോഗിക്കാനാകില്ലെന്നായിരുന്നു മുന്‍പ് നല്‍കിയിരുന്ന അറിയിപ്പ്. ഇതേ തുടര്‍ന്ന് ആളുകള്‍ മറ്റ് ആപ്പുകളിലേക്ക് മാറാന്‍ തുടങ്ങിയതോടെയാണ് പുതിയ നിലപാടുമായി വാട്സ്ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
വാട്‌സ്ആപ്പ് പ്രൈവസി പോളിസി പുതുക്കുന്നുവെന്ന അറിയിപ്പ് നല്‍കിയതിന് പിന്നാലെ ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെസേജിംഗ് ആപ്ലിക്കേഷനുകളായ സിഗ്നല്‍, ടെലഗ്രാം അടക്കമുള്ളവയുടെ ഡൗണ്‍ലോഡിംഗില്‍ വര്‍ധനവ് ഉണ്ടായിരുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ മികച്ച സൗജന്യ മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ സിഗ്നല്‍ പ്രൈവറ്റ് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഒന്നാമതാവുകയും വാട്‌സ്ആപ്പ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള പുതിയ പോളിസി ഫെബ്രുവരി എട്ടിന് പ്രാബല്യത്തില്‍ വരുമെന്നാണ് വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരിക്കുന്നത്. വാട്സ്ആപ്പ് വരിക്കരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്സൈറ്റുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നതാണ് വാട്സ്ആപ്പ് പ്രൈവസി പോളിസിയില്‍ കൊണ്ടുവരുന്ന മാറ്റം.
ഇത്തരം വിവരങ്ങള്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ളവയ്ക്ക് പങ്കുവയ്ക്കുമെന്നും പുതിയ നയത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പ് ഉയര്ന്നതിനെ തുടര്‍ന്ന് ഇത് ബിസിനെസ്സ് അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഈ നയമെന്നും സ്വകാര്യ അക്കൗണ്ടുകള്‍ക്ക് ഇത് ബാധികമല്ലന്നും വാട്‌സ്ആപ്പ് അറിയിച്ചു. പിന്നാലെ ആരുടെയും ഡേറ്റയില്‍ തങ്ങള്‍ കയറി ഇടപെടാറില്ലെന്നും എല്ലാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണെന്നും അറിയിച്ചു. എങ്കിലും പാലായനം മാത്രം കുറഞ്ഞില്ല.