എയര്‍ ടാക്‌സി സര്‍വീസിന് രാജ്യത്ത് തുടക്കം
രാജ്യത്തെ ആദ്യ എയര്‍ ടാക്‌സി സര്‍വീസിന് തുടക്കമായി. ഹരിയാനയിലെ എയര്‍ ടാക്‌സി ഏവിയേഷന്‍ കമ്പനിയാണ് സര്‍വ്വീസ് ആരംഭിച്ചത്. പഞ്ചാബിലെ ചണ്ഡീഗഢില്‍ നിന്ന് ഹരിയാനയിലെ ഹിസാറിലേക്കാണ് ആദ്യത്തെ എയര്‍ ടാക്‌സി വിമാനം പറന്നത്. 45 മിനിറ്റാണ് ഹിസാറില്‍ നിന്നും ചണ്ഡീഗഡില്‍ നിന്നുമുള്ളച്. 1,755 രൂപ മുതലാണ് യാത്രക്കുള്ള ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിനായി ഓണ്‍ലൈന്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
ഒരാളെങ്കിലും യാത്ര ചെയ്യാനുണ്ടെങ്കില്‍ നിശ്ചിത സമയക്രമം പാലിച്ച് ദിവസവും ഒരു തവണ ഹിസാര്‍-ചണ്ഡീഗഢ് റൂട്ടില്‍ എയര്‍ ടാക്‌സി സര്‍വീസ് നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കും ഈ വിമാനം ലഭ്യമാവുമെന്നാണ് എയര്‍ ടാക്‌സിയുടെ വാഗ്ദാനം. ഇരട്ട എന്‍ജിനും നാല് സീറ്റുമുള്ള ടെക്‌നാം പി 2006ടി വിമാനമാണ് എയര്‍ ടാക്‌സി സര്‍വീസിനായി ഉപയോഗിക്കുന്നത്. പൈലറ്റിനു പുറമെ മൂന്ന് പേര്‍ക്കാണ് വിമാനത്തില്‍ യാത്രാസൗകര്യം. ഇത്തരത്തിലുള്ള നാല് വിമാനങ്ങള്‍ എത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഹിസാര്‍-ചണ്ഡീഗഢ് സര്‍വീസിന് പിന്നാലെ അടുത്ത ആഴ്ച ഹിസാര്‍-ഡെഹ്‌റാഡൂണ്‍ റൂട്ടിലും എയര്‍ ടാക്‌സി സേവനം ആരംഭിക്കുന്നുണ്ട്. ജനുവരി 23 മുതല്‍ ഹിസാറില്‍ നിന്ന് ധര്‍മശാലയിലേക്കും വിമാന സര്‍വീസ് തുടങ്ങും. ഭാവിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഷിംലയെയും കുളുവിനെയും ബന്ധിപ്പിച്ചും ഹരിയാനയിലെ മറ്റു നഗരങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ടാക്‌സി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(DGCA) അനുവദിച്ച ഷെഡ്യൂള്‍ഡ് കമ്യൂട്ടര്‍ എയര്‍ലൈന്‍ പെര്‍മിറ്റുമായാണ് എയര്‍ ടാക്‌സി ഇന്ത്യ ഈ മേഖലയില്‍ പ്രവേശിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച റീജണല്‍ കണക്ടിവിറ്റി പദ്ധതി(ആര്‍ സി എസ്) ആയ ‘ഉഡാന്‍’ പ്രകാരം 26 റൂട്ടുകളില്‍ സര്‍വീസ് നടത്താനുള്ള അനുമതി കമ്ബനി നേടിയിട്ടുണ്ട്. രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളെ മെട്രോ നഗരങ്ങളുമായി വ്യോമമാര്‍ഗം ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ‘ഉഡാന്‍’ പദ്ധതിയില്‍ പെടുന്ന വിമാന കമ്ബനികള്‍ക്ക് യാത്രക്കാരുടെ എണ്ണം അടിസ്ഥാനമാക്കി കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയും അനുവദിക്കുന്നുണ്ട്.