കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക ക്രമക്കേട് ; എം.ഡിയുടെ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

കെ.എസ്.ആര്‍.ടി.സിയില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന എം.ഡി ബിജുപ്രഭാകറിന്റെ വാദം ശരിവച്ച് രേഖകള്‍ പുറത്തു. കെ.ടി.ഡി.എഫ്.സിയില്‍ നിന്നെടുത്ത വായ്പ തിരിച്ചടവില്‍ കെ.എസ്.ആര്‍.ടി.സി അക്കൗണ്ടില്‍ 311 കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തി. 2018 ലെ ഓഡിറ്റിലായിരുന്നു ഈ കണ്ടെത്തല്‍. തുടര്‍ന്ന് ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കെ.എസ്.ആര്‍.ടി.സി ഹ്രസ്വകാല വായ്പകള്‍ പലിശ കുറവുള്ള ദീര്‍ഘകാല വായ്പകളാക്കി മാറ്റാനായിരിന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. ഇതില്‍ 2015 ലെ കണക്ക് പ്രകാരം കെ.ടി.ഡി.എഫ്.സിക്ക് തിരികെ അടയ്ക്കാനുള്ള വായ്പ കുടിശിക 1375.73കോടി രൂപയായിരുന്നു. ഇതില്‍ ബാക്കിയുള്ള 435.67 കോടി രൂപ തിരിച്ചടയ്ക്കണമെന്നു കാട്ടി കെ.ടി.ഡി.എഫ്.സി കത്ത് അയച്ചതോടെയാണ് അക്കൗണ്ടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച സൂചന പുറത്ത് വന്നത്. കെ.എസ്.ആര്‍.ടി.സി കണക്ക് പ്രകാരം അപ്പോള്‍ 278.28 കോടി രൂപമാത്രമായിരുന്നു തിരികെ അടയ്ക്കാനുണ്ടായിരുന്നത്. ഇതോടെ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള തര്‍ക്കം സര്‍ക്കാരിന് മുന്നിലെത്തി.

കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആര്‍.ടി.സി തിരിച്ചടച്ചെന്നു പറയുന്ന തുകയില്‍ 311.48 കോടി രൂപയുടെ കുറവാണ് കണ്ടെത്തിയത്. തുടര്‍ന്ന് ധനകാര്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കെ.എസ്.ആര്‍.ടി.സി അക്കൗണ്ടില്‍ നിന്നും വായ്പ തിരിച്ചടവിനായി മാറ്റിയ 100 കോടിയോളം രൂപ കെ.ടി.ഡി.എഫ്.സി അകൗണ്ടിലേക്ക് എത്തിയിട്ടില്ലെന്നു കണ്ടെത്തയത്. കെ.എസ്.ആര്‍.ടി.സിയിലെ എട്ട് ജീവനക്കാരായിരുന്നു ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ 2015 കാലഘട്ടത്തില്‍ അക്കൗണ്ട് മാനേജര്‍ ആയിരുന്ന ഇപ്പോഴത്തെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എം ശ്രീകുമാര്‍ മാത്രമാണ് സര്‍വ്വീസിലുള്ളത്. ബാക്കിയുള്ളവര്‍ വിരമിച്ചു.