ഓപ്പറേഷന്‍ സ്‌ക്രീന്‍ ; ഇന്ന് മുന്നൂറോളം വാഹനങ്ങള്‍ക്ക് പിഴ ചുമത്തി
വാഹനത്തിനുള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിംഗ് പേപ്പറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ മുന്നൂറോളം വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. നിയമലംഘനം തടയാന്‍ പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.
എറണാകുളം ജില്ലയില്‍ മാത്രം 110 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം – 70,കൊല്ലം – 71, മലപ്പുറം – 48, വയനാട് – 11എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കരിമ്പട്ടിയിലുള്‍പ്പെടുത്തി രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്.
കോടതി ഉത്തരവുണ്ടായിട്ടും മന്ത്രിമാരടക്കമുള്ളവര്‍ കര്‍ട്ടനും ഫിലിമും നീക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ സ്വന്തം വാഹനങ്ങളില്‍ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രതികരിച്ചു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. പിഴ തുക ഇ- ചെല്ലാന്‍ വഴിയാകും ഈടാക്കുക.