ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

കൊല്ലം : കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും. ഗണേഷ് കുമാറിന്റെ കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഗണേഷ് കുമാറിന്റെ മുന്‍ പി എ പ്രദീപിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തകര്‍ത്തത്.സംഭവത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദേശീയപാതയില്‍ ചവറ നല്ലേഴത്ത് മുക്കിന് സമീപം വച്ച് ആയിരുന്നു വാഹനത്തിന് നേരെയുള്ള അക്രമം. വാഹനത്തിന് മുന്നിലേക്ക് ഓടിക്കയറി കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തു. ഇതിനിടെയാണ് വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നു.

ചവറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗണേഷ് കുമാര്‍. സംഘര്‍ഷമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാല്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ പൊലീസിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. അക്രമത്തെ ന്യായീകരിക്കുന്നില്ലെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഗണേഷും സംഘവും പത്തനാപുരത്ത് അക്രമം അഴിച്ചുവിടുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിനിടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷിന്റെ പിഎ ആയിരുന്ന പ്രദീപ് കുമാര്‍ ആക്രമിച്ചെന്നാണ് പരാതി. ഇതില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് കോണ്‍ഗ്രസ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.