സെന്‍: സംശുദ്ധ സ്നേഹത്തിലേക്കുളള രാജപാത (രണ്ടാം ഭാഗം)
നിരുപാധികമായ സ്‌നേഹത്തിലൂടെ നമ്മുടെ ബന്ധങ്ങളെ എങ്ങനെ ആഴത്തിലാക്കാമെന്ന് സെന്‍ പ്രായോഗികായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശീലനവും നമുക്ക് നല്കുന്നുണ്ട്. ഇത് മാന്ത്രികമോ ആത്മീയമോ ആയ സങ്കല്‍പ്പങ്ങളല്ല. ഇവ ദൈനംദിനജീവിതത്തിലെ പെരുമാറ്റരീതികളും ഉള്‍ക്കാഴ്ചകളും സദ്ഗുണങ്ങളുമാണ്. ഇതുവഴി ബന്ധങ്ങളെ കൂടുതല്‍ സന്തോഷകരമായി നിറവേറ്റുവാനും ശക്തമാക്കുവാനും സമാധനപരമായി ജീവിക്കുവാനും നമുക്കു സാധിക്കും.
സെന്‍: സംശുദ്ധ സ്നേഹത്തിലേക്കുളള രാജപാത (ഒന്നാം ഭാഗം)
സ്‌നേഹത്തിന് സെന്നില്‍ (ബുദ്ധമതത്തില്‍) നാല് ഘടകങ്ങള്‍ ഉണ്ട്. സ്‌നേഹനിര്‍ഭരമായ ദയയാണ് സ്‌നേഹത്തിന്റെ ആദ്യ ഘടകം. സ്‌നേഹത്തിന്റെ, ദയയുടെ സാരം സന്തോഷം നല്‍കാന്‍ കഴിയുന്നു എന്നതാണ്. സൂര്യന്‍ തന്നില്‍ നിന്നും മറിഞ്ഞിരിക്കാത്ത എല്ലാറ്റിനും പ്രകാശം നല്‍കുന്നതുപോലെ നമ്മള്‍ മറ്റൊരു വ്യക്തിക്ക് ദയാപൂര്‍വ്വം സന്തോഷം പകരുക. യഥാര്‍ത്ഥ സ്‌നേഹത്തിന്റെ രണ്ടാമത്തെ ഘടകം അനുകമ്പയാണ്. തന്നിലും മറ്റൊരാളിലുമുള്ള കഷ്ടപ്പാടുകള്‍ മനസ്സിലാക്കാനുള്ള കഴിവാണ് അനുകമ്പ. സ്വന്തം കഷ്ടപ്പാടുകള്‍ ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കി സഹായിക്കാനും കഴിയും. യഥാര്‍ത്ഥ സ്‌നേഹത്തിന്റെ മൂന്നാമത്തെ ഘടകം സന്തോഷം നല്‍കാനുള്ള കഴിവും സന്നദ്ധതയുമാണ്. സന്തോഷം എങ്ങനെ സൃഷ്ടിക്കാമെന്ന് നാം അറിയുമ്പോള്‍, അത് നമ്മെയും മറ്റു വ്യക്തികളെയും ഒരുപോലെ പരിപോഷിപ്പിക്കും. സ്‌നേഹത്തിന്റെ നാലാമത്തെ ഘടകം സ്വാതന്ത്ര്യം എന്നര്‍ത്ഥം വരുന്ന ഉപേക്ഷയാണ്. സ്‌നേഹം സത്യമാകുമ്പോള്‍, വ്യക്തികള്‍ തമ്മില്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം, ഒപ്പം ബന്ധത്തില്‍ സ്വതന്ത്രരുമായിരിക്കണം.
സെന്‍ വിഭാവനം ചെയ്യുന്ന സ്‌നേഹം എന്താണ്? എല്ലാ മനുഷ്യരും – എല്ലാം: മനുഷ്യന്‍, മൃഗം, പ്രാണികള്‍, മത്സ്യം, കാണപ്പെടുന്നത്, കാണപ്പെടാത്തത്, ഭൂത, വര്‍ത്തമാന, ഭാവികാലം എന്നിവയെല്ലാം ഒരുപോലെയാണെന്ന് തിരിച്ചറിയുക, അവര്‍ സന്തോഷത്തോടെ, ആരോഗ്യത്തോടെ, സമാധാനത്തോടെ, സുരക്ഷിതരായിരിക്കുവാന്‍ എപ്പോഴും ആഗ്രഹിക്കുക. ഈ ലക്ഷ്യം നമുക്ക് എങ്ങനെ നേടുവാന്‍ സാധിക്കും?
മനുഷ്യരെല്ലാവരും പരസ്പരം സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടാനും സ്‌നേഹം പ്രകടിപ്പിക്കുവാനും ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ നമ്മള്‍ നേരെ മറിച്ചാണ് ജീവിക്കുന്നത്. ഇന്ദ്രിയങ്ങളുടെ ലോകം യഥാര്‍ത്ഥ ലോകമാണെന്ന ധാരണയിലാണ് നാം ജീവിക്കുന്നത്. നമ്മുടെ സ്വത്വത്തെ നാം തിരിച്ചറിയുന്നത് വിഭജനത്തിലൂടെയാണ് (വിഷയി, വിഷയം). മനസ്സിലെ ചിന്തകളാണ് വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നത്. വഞ്ചനാപരമായ ചിന്തകള്‍ സൃഷ്ടജാലങ്ങളുടെ നിലനില്പിനും സുസ്ഥിതിക്കും ഭീഷണിയായി മാറുന്നു. അതേസമയം ഐക്യത്തിന്റെ പ്രജ്ഞ നമ്മില്‍ ഓരോരുത്തരിലും അന്തര്‍ലീനവുമാണ്. ദൈനംദിനജീവിതത്തില്‍ ഇതിനെ നാം തിരിച്ചറിയാതെ പോകുന്നു. സത്തയുടെ ആന്തരികഭാവം ഐക്യമാണ്. ഈ ഐക്യഭാവത്തിലുള്ള സത്തക്ക് ഗുണിതമൊന്നും അറിയില്ല. ഇങ്ങനെയുള്ള സത്ത്വഗുണത്തെ നാം ബുദ്ധത്വം എന്നു വിളിക്കുന്നു. അറിവില്ലാത്തവരിലും ജ്ഞാനികളിലും ഇത് ഒന്നാണ്. പ്രത്യക്ഷമായ വിഭക്താവസ്ഥ ആശയക്കുഴപ്പത്തെയും വ്യാമോഹത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഒത്തൊരുമയുടെ പ്രജ്ഞയെക്കുറിച്ച് നമ്മള്‍ എത്രമാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്താലും, അത് നമ്മുടെ മനസ്സില്‍ തിരിച്ചറിയുന്നില്ലെങ്കില്‍ എല്ലാം അസാധുവാണ്. ഇത് ദിവസം മുഴുവന്‍ ഭക്ഷണത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത് പോലെയാണ് – ആരും അതില്‍ സംതൃപ്തരല്ല.
സമര്‍പ്പിതവും സ്ഥിരവുമായ സെന്‍ ധ്യാനപരിശീലനത്തിലൂടെ, തനതുസത്തയും മറ്റെല്ലാ സചേതനങ്ങളും അചേതനങ്ങളും ഒന്നാണെന്നും, കേവലവും ആപേക്ഷികവും സമാനമാണെന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഈ തിരിച്ചറിവില്‍ നിന്ന് സ്വാഭാവിക അനുകമ്പയും വിവേകവും ഒഴുകുന്നു. ഏത് സാഹചര്യത്തിലും സമാധാനപരവും അവബോധപൂര്‍വ്വം ഉചിതമായതുമായ പ്രതികരണം നമുക്ക് ലഭിക്കുവാന്‍ ഇതു നമ്മെ സഹായിക്കും.
പഠിക്കുകയും പരിശീലിക്കുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യേണ്ട ഒരു പാതയാണ് സെന്‍. സെന്നിന്റെ കാതല്‍ സസെന്‍ മത്രമാണ്. അതിന് പ്രചോദനം, ക്ഷമ, അച്ചടക്കം, അര്‍പ്പണബോധം എന്നിവ ആവശ്യമാണ്. ഇത് ആവര്‍ത്തിച്ചുള്ള, സ്ഥിരമായ പരിശീലനത്തിലൂടെ നമുക്കു വളര്‍ത്തിയെടുക്കുവാന്‍ കഴിയും. ഫലപ്രദമായ സെന്‍ പരിശീലനം പൂര്‍ണ്ണമായ ഉള്‍ക്കാഴ്ചയും ക്ഷമ, സഹിഷ്ണുത, അച്ചടക്കം, ജിജ്ഞാസ, ഈ ??അസ്തിത്വം എന്താണെന്നറിയാനുള്ള ദാഹം എന്നിവ നമ്മില്‍ വളര്‍ത്തും. സെന്നിനല്ലാതെ മറ്റ് യാതൊരു അനുശാനങ്ങളില്‍ക്കൂടിയും നമുക്ക് ഈ ഗുണങ്ങള്‍ ലഭിക്കുകയില്ല. ഇതിനായി നമ്മുടെ ഉള്ളില്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥ – സ്വാഭാവികവും സ്വതസിദ്ധവുമായ നമ്മുടെ പ്രജ്ഞയെ – നാം ഉണര്‍വിന്റെ തലത്തില്‍ സഹവര്‍ത്തിക്കുവാന്‍ ശീലിക്കണം. ഈ പരിശീലനത്തെയാണ് നാം അവധാനപൂര്‍വ്വമായ ജീവിതരീതി എന്നു വിളിക്കുന്നത്. സംസ്‌കൃതത്തില്‍ ബോധിചിത്ത എന്നറിയപ്പെടുന്ന ഉണര്‍വിന്റെ മനസ്സിന് ഈ അതിശയകരമായ ശക്തിയുണ്ട്.
ജാഗ്രത്തായ മനസ്സോടെ ജീവിക്കുന്ന ഒരാള്‍ക്ക് സ്വാര്‍ത്ഥനാകാനോ, അസൂയപ്പെടാനോ, മറ്റുള്ളവരമായി കലഹിക്കാനോ, ദ്രോഹിക്കാനോ, ആരുമായും വഞ്ചിക്കാനോ കഴിയില്ല. നമ്മുടെ മനസ്സില്‍ നിഷേധാത്മകതയോ, ശത്രുതയോ, സ്വാര്‍ത്ഥതയോ ഇല്ലാതിരിക്കുമ്പോള്‍, ഉള്‍ക്കാഴ്ച സ്വയം വികസിക്കും. നമ്മുടെ ഭാഗത്തുനിന്ന് യാതൊരു ശ്രമവുമില്ലാതെ, വസ്തുക്കളുടെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച സ്വാഭാവികമായും സംഭവിക്കുന്ന ഒരു ഘട്ടത്തിലെത്തുന്നു. കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ കാണുകയും അവയുടെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്തുകഴിഞ്ഞാല്‍, തികച്ചും സമാനതകളില്ലാത്ത ഒരു തലത്തില്‍ നാം സ്‌നേഹവും അനുകമ്പയും അനുഭവിക്കാന്‍ തുടങ്ങുന്നു. എല്ലാം സ്വീകരിക്കുന്ന സ്‌നേഹവും അനുകമ്പയും സ്വതന്ത്രമായും പരിശ്രമമില്ലാതെയും ഉണ്ടാകുന്നു.