ജനുവരി 21-ന് ബൈഡനെതിരേ ഇംപീച്ച്മെന്റ് ആര്‍ട്ടിക്കിള്‍ ഫയല്‍ ചെയ്യുമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ചുമതലയേറ്റ് തൊട്ടടുത്ത ദിവസമായ ജനുവരി 21-ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരേ ഇംപീച്ച്മെന്റ് ആര്‍ട്ടിക്കിള്‍ ഫയല്‍ ചെയ്യുമെന്ന് ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജോരി ടെയ്ലര്‍ ഗ്രീന്‍ പ്രഖ്യാപിച്ചു. അധികാര ദുര്‍വിനിയോഗം നടത്തിയതിനും, വിദേശരാജ്യങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുവെന്നതുമാണ് ഇംപീച്ച്മെന്റ് കൊണ്ടുവരാന്‍ കാരണമായി ആരോപിക്കുന്നത്.

ബൈഡന്റെ നിഷ്‌ക്രിയത്വം 75 മില്യന്‍ അമേരിക്കക്കാരും വെറുക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരേ ശബ്ദിക്കേണ്ട സമയമാണിത്. ചൈനീസ്, ഉക്രെയിന്‍ എനര്‍ജി കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്നതിനു പ്രസിഡന്റ് പദവി ദുരുപയോഗിക്കുന്ന ഒരു പ്രസിഡന്റാവാന്‍ ബൈഡനെ അനുവദിക്കില്ലെന്നും അവര്‍ പറയുന്നു.

വാഷിംഗ്ടണ്‍ ഡിസിയില്‍ 2018 ജനുവരിയില്‍ നടന്ന കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് മീറ്റിംഗില്‍ ബൈഡന്‍ നടത്തിയ പ്രസംഗം ഇതിനു തെളിവായി ഗ്രീന്‍ ചൂണ്ടിക്കാട്ടുന്നു. ഒബാമ ഭരണത്തെ പ്രതിനിധീകരിച്ച് പ്രോസിക്യൂട്ടര്‍ വിക്ടര്‍ ഷൊകിനെ ജെലിയില്‍ നിന്നും പിരിച്ചുവിടുന്നതിന് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്‍ ഉക്രെയിനില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ഗ്രീനിന്റെ തീരുമാനത്തോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമായിട്ടില്ല.