കിഫ്ബിയില്‍ നിന്നുള്ള കടമെടുപ്പും മസാല ബോണ്ടും നിയമവിരുദ്ധമെന്ന് സിഎജി റിപ്പോര്‍ട്ട്

കിഫ്ബിയില്‍ നിന്നുള്ള കടമെടുപ്പും മസാല ബോണ്ടും നിയമ വിരുദ്ധമാണെന്നു സിഎജി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇ ഡി അന്വേഷണത്തിന് ഒരുങ്ങുകയാണ്.കിഫിബി പദ്ധതികള്‍ക്ക് വേണ്ടി വിദേശത്ത് മസാല ബോണ്ട് വിറ്റഴിച്ചതു സംബന്ധിച്ചാണ് ഇ.ഡി. വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. മസാല ബോണ്ട് വിറ്റഴിച്ച് 2150 കോടി രൂപ സമാഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് ഇ.ഡി. റിസര്‍വ് ബാങ്കിനോട് കത്തയച്ച് ചോദിച്ചു. മാത്രമല്ല ഇത് വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്. കിഫ്ബിയില്‍ നിക്ഷേപം നടത്തിയവരെക്കുറിച്ച് ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു. സി.എ.ജി.റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചതിനാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഇ.ഡി.യ്ക്ക് നീയമോപദേശം ലഭിച്ചിട്ടുണ്ട്.

 

മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങള്‍ കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. സി.എ.ജി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇഡിയ്ക്ക് കഴിയും. സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍ ഇ.ഡി. ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടയിലാണ് കിഫ്ബി സംബന്ധിച്ച അന്വേഷണത്തിനും കേന്ദ്ര ഏജന്‍സി തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ രൂക്ഷമായ വിമര്‍ശനത്തിന് ശേഷമാണ് കിഫ്ബിയിലും അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ.ഡി.ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. ഇ.ഡി.യുടെ നീക്കത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്കും നേരത്തെ രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാക്കാനാണ് കേന്ദ്ര ഏജന്‍സി ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മാത്രമല്ല മസാലബോണ്ട് ഇറക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്‍.ഒ.സി എന്നാല്‍ അനുമതിയെന്നാണ് അര്‍ത്ഥമെന്ന് തോമസ് ഐസക്ക് വിശദീകരിച്ചു.

കെ- ഫോണ്‍, ലൈഫ്മിഷന്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കം നേരത്തെ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നിരുന്നു. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ഇവിടെ വട്ടമിട്ട് പറക്കുന്നത് എന്തിനെന്നും കുത്തകകളുടെ വക്കാലത്ത് എടുത്തു ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിനാണ് ചിലര്‍ക്ക് ഉള്ള നിക്ഷിപ്ത താല്പര്യം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എങ്ങനെ വരും വികല മനസുകള്‍ക്ക് അനുസരിച്ചു തുള്ളിക്കളിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ മാറരുത് തുടങ്ങിയവയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.അല്‍പ മനസുകളുടെ കൂടെ അല്ല അന്വേഷണ ഏജന്‍സികള്‍ നില്‍ക്കേണ്ടതും മുഖ്യമന്ത്രി പറഞ്ഞു.