നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ ചാണ്ടി നയിക്കും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നയിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന്‍ എന്നിവരുള്‍പ്പെടെ പത്തംഗ കമ്മിറ്റിക്കാണ് ഹൈക്കമാന്‍ഡ് രൂപം നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിന് ഉമ്മന്‍ ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യമാണെന്ന ഹൈക്കമാന്‍ഡ് വിലയിരുത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത്. ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികലും ഉമ്മന്‍ ചാണ്ടി കൂടുതല്‍ സജീവമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എ.കെ ആന്റണിയുടെ മുഴുവന്‍ സമയ സാന്നിധ്യവും കേരളത്തിലുണ്ടാവും.

തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. അതേസമയം ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നു വ്യക്തമാക്കിയിട്ടില്ല. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനക്ഷമല്ലാത്ത ഡി.സിസകള്‍ പിരിച്ചുവിടാനും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെ.സി വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സജീവമാകേണ്ടത് അനിവാര്യമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി.