ഗബ്ബയില്‍ ചരിത്ര നേട്ടം നേടി കങ്കാരുക്കളെ മലര്‍ത്തിയടിച്ച് ടീം ഇന്ത്യ
ആവേശപ്പോരില്‍ കങ്കാരുക്കളെ മലര്‍ത്തിയടിച്ച് ചരിത്ര നേട്ടം നേടി ടീം ഇന്ത്യ. നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നു ഇന്ത്യ സ്വന്തമാക്കി. ബ്രിസ്ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 328 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയിച്ചത്. ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത് എന്നിവര്‍ അര്‍ധസെഞ്ച്വറി കുറിച്ചതോടെയാണ് ഇന്ത്യ ആസ്‌ട്രേലിയക്കെതിരെ വിജയം കുറിച്ചത്. ശുബ്മാന്‍ ഗില്‍ 91 റണ്‍സ് നേടി. റിഷഭ് പന്ത് പുറത്താകാതെ 89 റണ്‍സ് നേടി പുറത്താകാതെ വിജയശില്‍പിയായി. അവസാന ദിനത്തില്‍ 18 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ ജയം. ഗാബയിലെ ആദ്യ ജയമാണിത്. റിഷഭ് പന്താണ് കളിയിലെ കേമന്‍. പാറ്റ് കമ്മിന്‍സ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ട്രേലിയയെ 294 റണ്‍സിന് തളച്ച് ഇന്ത്യ കരുത്ത് കാട്ടിയിരുന്നു. ഇതോടെയാണ് വിജയലക്ഷ്യം 328 ആയത്. മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുകള്‍ നേടി. 146 പന്തില്‍ നിന്ന എട്ടു ഫോറും രണ്ടു സിക്സറും സഹിതം 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്ഷമയുടെ പര്യായമായി ക്രീസില്‍ നങ്കൂരമിട്ട ചേതേശ്വര്‍ പുജാര 211 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികള്‍ സഹിതം 56 റണ്‍സെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍ 22 റണ്‍സ് നേടി.
അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 4 എന്ന നിലയില്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് പെട്ടെന്ന് തന്നെ രോഹിതിനെ നഷ്ടമായി. രോഹിതിനെ കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്ന്‍ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഗില്‍-പൂജാര സഖ്യം ഒത്തുചേര്‍ന്നു. ഫലപ്രദമായി ഓസീസ് ആക്രമണത്തെ നേരിട്ട ഇരുവരും മറ്റ് നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ഉച്ചഭക്ഷണം വരെ എത്തിച്ചു. ഇതിനിടെ ഗില്‍ ഫിഫ്റ്റി നേടിയിരുന്നു. പരമ്പരയിലെയും കരിയറിലെയും ഗില്ലിന്റെ രണ്ടാം ഫിഫ്റ്റിയാണ് ഇത്.
പൂജാര പ്രതിരോധത്തിലൂന്നിയപ്പോള്‍ ഗില്‍ ഷെല്ലില്‍ ഒതുങ്ങാതെ ആക്രമിക്കാന്‍ ശ്രമിച്ചു. സ്റ്റാര്‍ക്കിന്റെ ഒരു ഓവറില്‍ ഒരു സിക്‌സര്‍ അടക്കം 20 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ജയത്തിനു വേണ്ടി ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഗില്‍ പുറത്താവുന്നത്. അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ ഗില്ലിനെ ലിയോണ്‍ സ്മിത്തിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം ചേര്‍ന്ന് 114 റണ്‍സാണ് ഗില്‍ കൂട്ടിച്ചേര്‍ത്തത്.
നാലാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ആക്രമിച്ചു കളിച്ചു. ശരവേഗത്തില്‍ 24 റണ്‍സിലെത്തിയ താരം ഒരു അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്ന് പിടിച്ച് രഹാനെ പുറത്തായതോടെ ഋഷഭ് പന്ത് ക്രീസിലെത്തി. പന്തും പൂജാരയും ചേര്‍ന്ന് വീണ്ടും ഒസീസ് ക്യാമ്പിലേക്ക് പട നയിച്ചു. ഇതിനിടെ പൂജാര ഫിഫ്റ്റി തികച്ചു. 61 റണ്‍സാണ് പന്തും പൂജാരയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഫിഫ്റ്റിക്ക് പിന്നാലെ പൂജാരയെ കമ്മിന്‍സ് മടക്കി. സെക്കന്‍ഡ് ന്യൂ ബോള്‍ എടുത്ത് രണ്ടാം പന്തില്‍ തന്നെ പൂജാര പുറത്തായത് ഇന്ത്യയെ വീണ്ടും ബാക്ക്ഫൂട്ടിലാക്കി. മായങ്ക് അഗര്‍വാള്‍ (9) വേഗം മടങ്ങി. ഓസ്‌ട്രേലിയ ജയം മണത്തു.
എന്നാല്‍ ആറാം വിക്കറ്റിലെത്തിയ വാഷിംഗ്ടന്‍ സുന്ദര്‍ പന്തിന് ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വീണ്ടും കളിയിലേക്ക് തിരികെയെത്തി. ഓസീസ് ബൗളര്‍മാരെ അനായാസം നേരിട്ട സുന്ദര്‍ പന്തുമൊത്ത് 49 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ജയത്തിന് 10 റണ്‍സ് മാത്രം അകലെ വെച്ചാണ് സുന്ദര്‍ പുറത്താവുന്നത്. ലിയോണിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ട് യുവതാരത്തിന്റെ കുറ്റി തെറിക്കുകയായിരുന്നു. ജയത്തിനു 3 റണ്‍സ് അകലെ താക്കൂറും (2) മടങ്ങി. ഹേസല്‍വുഡിന്റെ പന്തില്‍ ലിയോണ്‍ പിടികൂടിയാണ് താരം പുറത്തായത്. ഈ വിക്കറ്റോടെ ഓസ്‌ട്രേലിയക്ക് വീണ്ടും പ്രതീക്ഷയായി.