മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പ തട്ടിപ്പ് ; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പ തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി.

എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാര്‍, ക്രൈംബ്രാഞ്ച് എസ്പിമാരായ സാബു മാത്യു, എം. ജെ സോജന്‍, ഡിവൈഎസ്പിമാരായ പി. വിക്രമന്‍, കെ. ആര്‍ ബിജു, അനില്‍ കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ്, സിബിഐ, ഇന്റര്‍പോള്‍ എന്നിവരുടെ സഹായത്തോടെയായിരിക്കും അന്വേഷണം.ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനും ഡിജിപി നിര്‍ദേശം നല്‍കി. വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ പ്രത്യേക സംഘം ഉടന്‍ ശേഖരിക്കും.