തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറി. എയര്‍പോര്‍ട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വര്‍ഷത്തേക്കാണ് കരാര്‍. വിമാനത്താവളം ജൂലൈയില്‍ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. അതേസമയം വിമാനത്താവളം അദാനിയ്ക്ക് കൈമാറുന്നതിനെതിരെ തൊഴിലാളി യൂണിയന്‍ തിരുവനന്തപുരം വിമാനത്താവള ഡയറക്ടറെ ഉപരോധിച്ചു.
വിമാനത്താവള കൈമാറ്റത്തിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസ് അന്തിമ തീര്‍പ്പാവും മുന്‍പെ യാണ് കൈമാറ്റം നടന്നിരിയ്ക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറകട്‌റും അദാനി ഗ്രൂപ്പ് സിഇഒയും കൈമാറ്റ കരാറില്‍ ഒപ്പുവെച്ചു. വിമാനത്താവളം അദാനിയ്ക്ക് കൈമാറുന്നതിന് സുരക്ഷ പ്രശ്‌നങ്ങളില്ലെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കൈമാറ്റം വേഗത്തിലാക്കുന്ന കണ്‍സ്ട്രക്ഷന്‍ എഗ്രിമെന്റ് എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും ഒപ്പിടുകയായിരുന്നു. വിമാനത്താവളം അദാനിയ്ക്ക് കൈമാറാനുള്ള തീരുമാനം ഹൈക്കോടതിയും ശരിവെച്ചിരുന്നു. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിലുടെ ഒരു വികസനവും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് തൊഴിലാളി യൂണിയനും പ്രതികരിച്ചു.
വിമാനയാത്രക്കാര്‍ക്ക് അനുഭവം സാധ്യമാക്കുന്ന വികസനങ്ങള്‍ തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെയും തൊഴിലാളി സംഘടനയുടെയും നിസ്സഹകരണം എങ്ങനെ വിമാനത്താവളത്തിനെ ബാധിക്കുമെന്നതും കണ്ടറിയണം. ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളുടെ കരാറും തിരുവനന്തപുരത്തിന് പുറമേ ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം വരുന്ന 50 വര്‍ഷത്തേക്ക് ഈ മൂന്ന് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവ അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡിനായിരിക്കും.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഒക്ടോബറില്‍ തന്നെ തളളിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം എയര്‍പോര്‍ട്ട് അതോറിറ്റി അദാനി ഗ്രൂപ്പിന് കൈമാറിയത്.