വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് ; ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി താക്കീതിലൊതുക്കി സര്‍ക്കാര്‍

വിവാദമായ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രഷറി ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല നടപടി കൂട്ട താക്കീതിലൊതുക്കി സര്‍ക്കാര്‍. ട്രഷറി ഡയറക്ടര്‍ എ.എം.ജാഫര്‍, ടി.എസ്.ബി ആപ്ലിക്കേഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ മോഹന്‍ പ്രകാശ്, ടി.എസ്.ബി ആപ്ലിക്കേഷന്‍ ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ എസ്.എസ്.മണി, വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ രാജ്‌മോഹന്‍ എസ്.ജെ എന്നിവര്‍ക്കെതിരെയുള്ള നടപടിയാണ് താക്കീതില്‍ ഒതുക്കിയത്.

വിരമിച്ച ജീവനക്കാരന്റെ പാസ് വേര്‍ഡ് മാറ്റാതിരുന്ന ഉദ്യോഗസ്ഥന്‍ ടി.എസ്.ബി ചീഫ് കോര്‍ഡിനേറ്റര്‍ രഘുനാഥന്‍ ഉണ്ണിത്താനും താക്കീത് മാത്രമാണ് നല്‍കിയത്. താക്കീത് നല്‍കിയ മറ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മേല്‍നോട്ടക്കുറവുണ്ടായെന്നും, ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യം സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുമെന്നല്ലാതെ മറ്റ് നടപടികള്‍ക്ക് നിര്‍ദേശമില്ല.

ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നും രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ബിജിലാല്‍ പണം തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കുമാണ് തുക മാറ്റിയത്.

 

എന്നാല്‍ ട്രഷറി തട്ടിപ്പ് കണ്ടെത്തിയ വഞ്ചിയൂര്‍ ട്രഷറിയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ രാജ് മോഹന്‍ എസ് ജെയെ താക്കീത് ചെയ്യാനുള്ള ധനവകുപ്പിന്‍റെ തീരുമാനം വിചിത്ര നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അതേ കുറ്റമാണ് രാജ് മോഹനെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിപ്പ് നടന്നെന്ന സംശയം ആദ്യം ഉദ്യോഗസ്ഥരെ അറിയിച്ചത് രാജ് മോഹനായിരുന്നു. ധനവകുപ്പിന്‍റെ ഈ നടപടി ട്രഷറി ജീവനക്കാര്‍ക്കിടയില്‍ തന്നെ അതൃപ്തിക്കിടയാക്കി. ഉന്നത ഉദ്യോഗസ്ഥരെയടക്കം താക്കീത് ചെയ്തെങ്കിലും ട്രഷറി സോഫ്റ്റ് വെയറിലെ പിഴവ് സംബന്ധിച്ചുള്ള നടപടിയെ കുറിച്ചും മുന്‍പ് പരാതികള്‍ ട്രഷറി ഡയറക്ട്രേറ്റില്‍ അട്ടിമറിച്ചതിനെ കുറിച്ചും ധനവകുപ്പിന്‍റെ ഉത്തരവില്‍ പരാമര്‍ശമില്ല.