മാലിന്യ നിര്‍മാര്‍ജനം പാളി ; കൊച്ചി കോര്‍പ്പറേഷന് 15 കോടിയോളം രൂപ പിഴ

Garbage truck dumping the garbage on a landfill

മാലിന്യ നിര്‍മാര്‍ജനത്തില്‍ വരുത്തിയ അലംഭാവം കാരണം കൊച്ചി കോര്‍പ്പറേഷന് 15 കോടിയോളം രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 15 ദിവസത്തിനകം തുക കെട്ടിവയിക്കണം എന്നാണ് നിര്‍ദേശം. മലിനീകരണ സംസ്‌കരണ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. പരിസ്ഥിതിക്ക് നാശം വരുത്തുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന 2016ലെ ഖരമാലിന്യ സംസ്‌കരണ നിയമ പ്രകാരമാണ് കൊച്ചി കോര്‍പ്പറേഷനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തിയിരിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമിച്ച സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ പരിശോധന റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

ഇതെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കൊച്ചി കോര്‍പ്പറേഷ ന് 13 കോടി 31 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഒരു വര്‍ഷം കൊണ്ട് ഒന്നരക്കോടി രൂപയിലേറെയാണ് പിഴത്തുക വര്‍ധിച്ചത്. ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്‌കരണം അപര്യാപ്തം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാന്റിലെ കമ്പോസ്റ്റ് ഷെഡ് നശിച്ച അവസ്ഥയിലാണ്. മാലിന്യങ്ങള്‍ തുറസായ സ്ഥലത്ത്കൂട്ടിയിട്ടിരിക്കുന്നു. അഴുക്കു ജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല തുടങ്ങി പ്ലാന്റിലെ വീഴ്ചകളും റിപ്പോര്‍ട്ടില്‍ ഉണ്ട്.