മലയാളികളുടെ മലം ചുമന്നവരുടെ തലമുറയെ തെരുവിലേക്കിറക്കാനൊരുങ്ങി കോഴിക്കോട് കോര്‍പറേഷന്‍

അരനൂറ്റാണ്ട് മുമ്പ് തോട്ടിപ്പണിക്കായി കോഴിക്കോട് എത്തിയ തമിഴ് പട്ടികജാതി കുടുംബങ്ങളിലെ പിന്‍തലമുറക്കാരെ തെരുവിലിറക്കാന്‍ തയ്യറായി കോഴിക്കോട് കോര്‍പ്പറേഷന്‍. കോഴിക്കോട് സ്റ്റേഡിയം ജംങ്ഷന് സമീപമുള്ള സത്രം കോളനിയില്‍ കഴിയുന്ന 32 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. അന്തിയുറങ്ങാനൊരു കൂരയെങ്കിലുമില്ലാതെ എങ്ങോട്ടു പോകുന്നമെന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കോളനിയിലെ ജനങ്ങള്‍ ചോദിക്കുന്നു. ‘മലയാളികളുടെ മലം ചുമക്കാനെത്തിയവരാണ് ഞങ്ങള്‍’. അച്ഛനും അമ്മയുമെല്ലാം ആ ജോലി ചെയ്തിരുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്ന് സത്രം കോളനിയിലെ മുരുകന്‍ പറയുന്നു.

1950 മുതലാണ് തോട്ടിപ്പണിക്കായി തമിഴ്നാട്ടില്‍ നിന്ന് പിന്നോക്ക വിഭാഗക്കാരെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. തോട്ടിപ്പണി നിര്‍ത്തലായപ്പോള്‍ ശുചീകരണ തൊഴിലിലേക്ക് കടന്നവര്‍. രണ്ടും മൂന്നും തലമുറകള്‍ ഈ സത്രം കോളിയിലായിരുന്നു കഴിഞ്ഞത്. മാലിന്യങ്ങള്‍ക്ക് നടുവിലുള്ള ഒറ്റമുറികളില്‍ കഴിയുന്ന പട്ടികജാതി കുടുംബങ്ങള്‍ക്ക് ഇപ്പോഴുള്ള മണ്ണും കൂരകളും നഷ്ടമാകാന്‍ ഇനി അധിക ദിവസമില്ലയെന്നതാണ് വാസ്തവം. 32 കുടുംബങ്ങളുണ്ടിവിടെ. 29 കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡും മറ്റ് തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. ഇതില്‍ കോര്‍പറേഷന്‍ ശുചീകരണ തൊഴിലാകളുടെ ഏഴ് കുടുംബങ്ങളെ തല്‍ക്കാലത്തേക്ക് കല്ലുത്താന്‍കടവ് ഫ്ളാറ്റിലേക്ക് മാറ്റാനാണ് കോര്‍പറേഷന്‍ തീരുമാനം. 25 കുടുംബങ്ങള്‍ അനധികൃതമായി കഴിയുന്നതിനാല്‍ ഒഴിഞ്ഞുപോകണന്നാണ് കോര്‍പറേഷന്‍ തിട്ടൂരം.

കോഴിക്കോട്ടെ ഒരു ജന്മി കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന സത്രം കോളനി ഉള്‍പ്പെടെയുള്ള സ്ഥലം കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി അന്ന് നീക്കി വച്ചതായിരുന്നു. ഇതിനിടെയാണ് തോട്ടിപ്പണിക്കായെത്തിയവരെ കോര്‍പറേഷന്‍ ഇവിടെ താമസിപ്പിച്ചത്. വിശാലമായി കിടന്നിരുന്ന സ്ഥലം കയ്യേറ്റ് മൂലം 28 സെന്റായി ചുരുങ്ങി. കയ്യേറ്റം കയ്യുംകെട്ടി നോക്കി നിന്ന കോര്‍പറേഷന്‍ അധികൃതര്‍ക്ക് തങ്ങളെ കുടിയൊഴിപ്പിച്ചാല്‍ പ്രശ്നങ്ങള്‍ തീരുമോയെന്നാണ് കോളനിവാസികള്‍ ചോദിക്കുന്നത്. ചുറ്റും കെട്ടിടങ്ങളും റോഡുകളും വന്നതോടെ ചുരുങ്ങിപ്പോയ കോളനിയില്‍ 28 സെന്റ് സ്ഥലത്താണ് 32 വീടുകളുള്ളത്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയുള്ള കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ കോര്‍പറേഷന്‍ ശ്രമം തുടങ്ങിയപ്പോള്‍ കോളനിവാസികള്‍ കോടതിയില്‍ നിന്ന് താല്‍ക്കാലിക സ്റ്റേ വാങ്ങിയിരുന്നു. പിന്നീട് കോളനിക്കാര്‍ക്ക് കേസിനൊന്നും പോകാന്‍ കഴിഞ്ഞില്ല. കുടുംബങ്ങള്‍ക്ക് മതിയായ രേഖകളില്ലാത്തതിനാലാണ് ഒഴിപ്പിക്കാനൊരുങ്ങുന്നതെന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി ബിനു പറഞ്ഞു.