അയാള്‍ – ചെറുകഥ
അതെ, അത് അയാള്‍ തന്നെയാണ്. അവശനായി, തല കീഴോട്ട് ഇട്ട് വീല്‍ചെയറില്‍ ഇരിക്കുന്ന ആ മനുഷ്യനെ ആദ്യം മനസ്സിലായില്ല. യാതൊരു മടിയും കൂടാതെ അയാളെയും ഇരുത്തി വീല്‍ചെയര്‍ ഉന്തിക്കൊണ്ടുപോകുന്ന സ്ത്രീയെ പരിചയമുള്ളതുകൊണ്ട് അടുത്തു ചെന്ന് വിശേഷം തിരക്കി.
ഇവിടെ ചെയ്യാവുന്നതിന്റെ പരമാവധി ചികിത്സകള്‍ നടത്തി. ഇനി നാട്ടില്‍ ചെന്ന് ആയ്യുര്‍വ്വേദം ഒന്ന് പരീക്ഷിക്കാമെന്ന് കരുതുകയാണ്. അവരുടെ വാക്കുകളില്‍ അല്പം പ്രതീക്ഷയുള്ളതുപോലെ തോന്നി.
മാഞ്ഞുപോകാത്ത ചില ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തി. രണ്ടുവര്‍ഷത്തിനുശേഷം നാട്ടിലേക്കു പോവുന്ന തനിക്ക് വീട്ടില്‍ ചെന്നാല്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. എങ്കിലും അതൊന്നും ആയിരുന്നില്ല തന്റെ മനസ്സില്‍. അയാള്‍… അയാള്‍ മാത്രം മനസ്സില്‍ നിറഞ്ഞുനിന്നു.
അയാള്‍ നാട്ടില്‍ ഉയര്‍ന്ന പാരമ്പര്യമുള്ള ധനിക കുടുംബത്തില്‍ പിറന്നവന്‍. അഞ്ചുമക്കളില്‍ ഒരുവന്‍. മാതാപിതാക്കളുടെ കാലശേഷം സ്വത്തുക്കളുടെ പേരില്‍ വഴക്കിട്ട് ഓരോരുത്തരും ഓരോരോ വഴിക്ക് തിരിഞ്ഞു. ജോലിയൊന്നും ചെയ്യാതെ കിട്ടിയ സ്വത്ത്, കൂട്ടുകൂടിയും ആഡംബരം കാണിച്ചും എല്ലാം നശിപ്പിച്ചു. അഭിമാനം മാത്രം പൊക്കിപ്പിടിച്ചു നടന്നു. വീട്ടു ചിലവിനു പോലും ഒന്നും ഇല്ലാതായി. ഇനി നാട്ടില്‍ നിന്നാല്‍ ശരിയാകില്ല എന്ന് മനസ്സിലാക്കിയ അയാള്‍ എങ്ങനെയെങ്കിലും വിദേശത്തേക്ക് ചേക്കേറാനുള്ള വഴികള്‍ തേടി. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയോ, ഒരു തൊഴില്‍ പരിചയമോ ഇല്ലാത്ത അയാള്‍ക്ക് മുമ്പില്‍ പല വാതിലുകളും അടയ്ക്കപ്പെട്ടു. ലക്ഷങ്ങള്‍ മുടക്കി വിസ തരപ്പെടുത്തുവാന്‍ കാലിയായ തന്റെ പോക്കറ്റ് കാണിച്ചാല്‍ അതിനും സാധ്യതയില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.
യൂറോപ്പിലോ, അമേരിക്കയയിലോ ഉള്ള ഒരു നേഴ്‌സിനെ കല്യാണം കഴിച്ചാല്‍ എളുപ്പത്തില്‍ അവിടേയ്ക്ക് കയറിക്കൂടാം എന്ന് ആരോ ഉപദേശിച്ചു. നാലഞ്ചുവര്‍ഷമായി യൂറോപ്പില്‍ ജോലിചെയ്യുന്ന ഒരു നേഴ്‌സിന്റെ ആലോചന വന്നു.
തെക്കന്‍ കേരളത്തിലെ ഒരു സാധാരണ കുടുംബം. കുടുംബത്തിന്റെ ഏകവരുമാനം മകള്‍ അയച്ചുകൊടുക്കുന്ന പണം മാത്രം. ആ വരുമാനംകൊണ്ട് കഷ്ടിച്ച് താഴെയുള്ള കുട്ടികളുടെ പഠിത്തം, വീട്ടുചിലവ് എല്ലാം നടത്തണം. മകളെ വിവാഹം കഴിച്ചുവിട്ടാല്‍ ആ വരുമാനവും നില്‍ക്കും. എങ്കിലും മകളുടെ ഭാവി ഓര്‍ത്ത് അവളുടെ വിവാഹം നടത്തുവാന്‍ തീരുമാനിച്ചു. പേരുകേട്ട പാലമൂട്ടില്‍ തറവാട്. അന്തസ്സുള്ള തറവാട്ടുകാര്‍. കൂടുതല്‍ ഒന്നും ആലോചിച്ചില്ല ഇപ്പഴേ അവള്‍ വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുകയാണ്. ഇനിയും വൈകിയാല്‍ അവള്‍ ആരുമല്ലാതാകില്ലെ. കുടുംബത്തോട് സ്‌നേഹമുള്ളവളായതുകൊണ്ട് അവള്‍ വിവാഹം കഴിഞ്ഞാലും കുടുംബത്തെ സഹായിക്കാതിരിക്കില്ല എന്ന വിശ്വാസം മാതാപിതാക്കള്‍ക്കുണ്ടായിരുന്നു.
ആര്‍ഭാടങ്ങളില്ലാതെ വളരെ ലളിതമായി മകളുടെ വിവാഹം നടത്തി. രണ്ടാഴ്ചയ്ക്കുശേഷം അവള്‍ ജോലിസ്ഥലത്തേക്കു തിരിച്ചുപോയി. ഭര്‍ത്താവിന്റെ (അയാള്‍) വിസയും മറ്റും ശരിയാക്കണം അതായിരുന്നു അവളുടെ ചിന്ത. ഇത്രയും നാള്‍ താമസിച്ച ഹോസ്റ്റലില്‍ നിന്നും മാറണം. വീട് ഒരെണ്ണം വാടകയ്ക്ക് എടുക്കണം. എല്ലാ ചിലവുകളും എങ്ങനെ വഹിക്കുമെന്നാലോചിച്ച് നടന്നു. അല്പം കടം വാങ്ങി ഒരുവിധം കാര്യങ്ങളൊക്കെ ശരിയാക്കി.
ഏകദേശം നാലുമാസത്തോളം എടുത്തു വിസ ശരിയാകുവാന്‍. അയാള്‍ ഇടയ്ക്ക് വിളിച്ച് യാത്രയുടെ കാര്യങ്ങള്‍ ശരിയാകാത്തതിനെക്കുറിച്ച് പരാതിപ്പെടുമായിരുന്നു. അങ്ങനെ ഒരു ഡിസംബര്‍ മാസത്തില്‍ ക്രിസ്തുമസ് കഴിഞ്ഞുള്ള ഒരു ദിവസം അയാള്‍ക്ക് യാത്രയ്ക്കുള്ള എല്ലാ രേഖകളും കിട്ടി. കുറെ സ്വപ്നങ്ങള്‍ അയാളുടെ മനസ്സില്‍ നിറഞ്ഞുനിന്നു.
സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം, രാജാവും, രാജ്ഞിയും ഭരണതലപ്പത്ത്, ലോകരാജ്യങ്ങളെ അടിമകളാക്കി വാണിരുന്ന ഭരണാധികാരികള്‍. ഇന്നും പഴയ പ്രൗഡി നഷ്ടപ്പെടാത്ത ഏക രാജ്യം. അധികം താമസിയാതെ താനും ആ മഹാ സാമ്രാജ്യത്തിലെ ഒരു അന്തേവാസിയാകാന്‍ പോകുന്നു. സന്തോഷവും അങങ്കാരവും തോന്നി അയാള്‍ക്ക്. നാട്ടില്‍ ജോലിയൊന്നും ചെയ്യാതെ തേരാപാര നടന്ന അയാള്‍ക്ക് ഇനി ഒരു രാജകീയ ജീവിതം. ഇത് ശരിക്കും ആസ്വദിക്കണം അയാള്‍ എല്ലാം മനസ്സില്‍ കണക്കുകൂട്ടി.
ഡിസംബര്‍ മാസത്തിലെ തണുത്തു മരവിച്ച ഒരു രാത്രിയില്‍ ലണ്ടന്‍ മഹാനഗരത്തില്‍ അയാള്‍ വന്നിറങ്ങി. ഭാര്യ കൊണ്ടുവന്ന കോട്ടും തൊപ്പിയും ധരിച്ചപ്പോള്‍ അയാള്‍ക്ക് താന്‍ ഒരു യൂറോപ്യനായോ എന്നു തോന്നലുണ്ടായി.
അവരുടെ ജീവിതത്തില്‍ ഒരു പുതിയ അദ്ധ്യായം തുടങ്ങി. ഭാര്യ രാവിലെ ജോലിക്കുപോകുന്നു. അയാള്‍ നേരം വെളുക്കും വരെ ടെലിവിഷനും കണ്ട്, അല്പം ലഹരിയും അകത്താക്കി സോഫയില്‍ തന്നെ കിടന്നുറങ്ങും. എപ്പോഴാണ് എഴുന്നേല്‍ക്കുന്നതെന്നോ, എന്താണ് ചെയ്യേണ്ടതെന്നോ അയാള്‍ക്ക് യാതൊരു നിര്‍ബന്ധവും ഉണ്ടായിരുന്നില്ല. എത്സമ്മ ഉണ്ടാക്കിവെക്കുന്ന ഭക്ഷണവും കഴിച്ച് സുഖമായുള്ള ജീവിതം. തല്‍കാലം എന്തെങ്കിലും ജോലിചെയ്യുവാന്‍ അയാള്‍ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. തണുപ്പില്‍ പുറത്തിറങ്ങാന്‍ വലിയ മടിയായിരുന്നു. എന്തെങ്കിലും ജോലിയെപ്പറ്റി പറയുമ്പോള്‍ ഈ തണുപ്പെല്ലാം മാറട്ടെ എന്നിട്ടാകാം എന്നുപറഞ്ഞ് ഒഴിഞ്ഞു മാറും. ഭാര്യ സാധാരണയുള്ള ജോലി കൂടാതെ, എക്‌സ്ട്രാ ജോലിക്കും പോകാന്‍ തുടങ്ങി. കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ അവള്‍ വളരെ കഷ്ടപ്പെട്ടു. ഈ കഷ്ടപ്പാടുകളൊന്നും സ്വയം മനസ്സിലാക്കാതെ അയാളും സുഖമായി കഴിഞ്ഞു.
മനസ്സില്ലാ മനസ്സോടെ അയാള്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. ഇത്തരം ജോലികളൊന്നും ചെയ്തുശീലമില്ലാത്ത അയാള്‍ക്ക് ഈ ജോലി ഒരു മോശം ജോലിയായാണ് തോന്നിയത്. ജോലികഴിഞ്ഞാല്‍ നേരെ വീട്ടില്‍ വരാതെ അടുത്തുള്ള പബില്‍ കയറി നല്ലപോലെ മദ്യപിച്ചിട്ടായിരിക്കും വീട്ടിലെത്തുക. ജോലിചെയ്തു ക്ഷീണം തീര്‍ക്കാനാണ് മദ്യപിക്കുന്നതെന്ന ന്യായീകരണവും ഉണ്ടാകും. മാസാവസാനം കിട്ടുന്ന ശമ്പളം വീട്ടില്‍ എത്താറില്ല. അതേച്ചൊല്ലി അവര്‍ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. അപ്പോഴെല്ലാം തറവാടിന്റെ മഹിമയും ആരുടെയും വേലക്കാരനായി ജീവിച്ചിട്ടില്ല എന്ന പൊങ്ങച്ചവും പറയും.
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അയാളുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. രണ്ട് പെണ്‍മക്കള്‍. അവര്‍ വളര്‍ന്നു വലുതായി. അയാള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ നാട്ടില്‍ പോകണം. പോയാല്‍ രണ്ടും മൂന്നും മാസം കഴിയാതെ തിരിച്ചുവരില്ല. കുടുംബം എന്ന വിചാരം അയാളില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഭാര്യ എല്ലാം സഹിച്ച് കുടുംബം യാതൊരു അല്ലലും ഇല്ലാതെ മുമ്പോട്ടുകൊണ്ടുപോയി. ആരോടും പരാതി പറയാതെ മക്കളുടെ ഭാവിയെ ഓര്‍ത്ത് എല്ലാം സഹിച്ച് ജീവിതത്തില്‍ യാതൊരു സന്തോഷവും അറിയാതെ ദിനങ്ങള്‍ തള്ളിനീക്കി.
അയാള്‍ ഇടക്ക് നാട്ടില്‍ പോകുന്നതിന് എന്തോ ദുരുദ്ദേശങ്ങള്‍ ഉണ്ടെന്ന് ഭാര്യ അറിയാനിടയായി. മുമ്പുണ്ടായിരുന്ന ഒരു പരിചയക്കാരിയുമായി അടുപ്പം പുതുക്കാനാണെന്നും ഒരു സംസാരം ഉണ്ടായിരുന്നു. നാട്ടില്‍ നിന്നും വന്നാല്‍ അയാള്‍ ഭാര്യയോട് വളരെ ക്രൂരമായിട്ടാണ് പെരുമാറാറുള്ളത്. ശാരീരികമായ ഉപദ്രവങ്ങളും ഉണ്ടാകാറുണ്ട്. സിഗററ്റ് കത്തച്ച് അവളുടെ ശരീരം പൊള്ളിക്കുന്നത് അയാളുടെ ഇഷ്ട വിനോദമായിരുന്നു. മദ്യപിച്ചു വന്നാല്‍ അയാള്‍ വേറൊരു മനുഷ്യനായി മാറും. എങ്ങനെയൊക്കെയോ അവളെ ഉപദ്രവിക്കാമോ അതെല്ലാം അയാള്‍ ചെയ്യും. രാത്രിയില്‍ അല്പം പോലും ഉറക്കമില്ലാതെ അങ്ങേയറ്റം ക്ഷീണത്തോടെ അവള്‍ എന്നും ജോലിക്കു പോകും. തന്നെ വേദനിപ്പിക്കുന്ന കാര്യം അവള്‍ ഒരിക്കല്‍പോലും മക്കളോട് പറയാറില്ല. എല്ലാം സഹിച്ചുകൊണ്ട് ആ ഭാരം അവള്‍ തന്നെ ചുമന്നു. എത്രനാള്‍ ഇങ്ങനെ എന്ന ചോദ്യം അവള്‍ക്കു മുമ്പില്‍ നിന്നും ഉയര്‍ന്നു നിന്നു. മക്കള്‍ പഠിക്കുന്ന സമയത്തും ചെറിയ ജോലികള്‍ ചെയ്ത് അവരുടെ ചിലവുകള്‍ക്കുള്ള സമ്പാദ്യം കണ്ടെത്തുന്നുണ്ടായിരുന്നു. അത് അവര്‍ക്കു വളരെ ആശ്വാസമായിരുന്നു.
ഏറെ നാളായി നഗരത്തില്‍ താമസിക്കുന്ന അവര്‍ക്ക് വാടക തന്നെ നല്ലൊരു തുക അടക്കേണ്ടിയിരുന്നു. അതുകൊണ്ട് അല്പം കടമെടുത്ത് സിറ്റിയില്‍ നിന്നും അകലെയായി ഒരു ഫ്‌ളാറ്റ് വാങ്ങി. മക്കള്‍ക്ക് നല്ലയൊരു ജോലികിട്ടിയാല്‍ അവരും എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യാതിരിക്കില്ലല്ലോ എന്ന് എത്സമ്മ വിചാരിച്ചിരുന്നു. സംഭവിച്ചതെല്ലാം മറ്റൊരു തരത്തിലായിരുന്നു. മക്കള്‍ അവരുടെ സൗകര്യത്തിനായി വേറെ ഫ്‌ളാറ്റുകള്‍ എടുത്ത് മാറി താമസിച്ചു. ആയാലും ഭാര്യയും തനിച്ചായി താമസം. ഭാര്യയ്ക്ക് വല്ലപ്പോഴും കാണുന്ന ഒരു അതിഥിയായിരുന്നു അയാള്‍. അത്രമാത്രം അകന്നായിരുന്നു അയാളുടെ ജീവിതം. കുറച്ചുനാള്‍ ഒരു സ്ഥലത്ത് ജോലിചെയ്യും അധികം താമസിയാതെ അവിടം വിടും. പിന്നെ നാട്ടില്‍ പോകും തിരികെ വന്നാല്‍ എവിടെയെങ്കിലും പാര്‍ട്ട് ടൈം ജോലി കണ്ടെത്തും. കുടുംബം എന്നത് അയാള്‍ക്ക് ജീവിതത്തിന്റെ ഭാഗം എന്ന തോന്നലായിരുന്നില്ല. പ്രായം ഏറിവന്നതും, കുത്തഴിഞ്ഞ ജീവിതവും അയാളെ ഒരു രോഗിയാക്കി എന്ന കാര്യം അയാള്‍ അറിഞ്ഞില്ല. ഇതൊരു കാരണമായി ജോലി ഒന്നും ചെയ്യാതിരിക്കാന്‍. മരുന്നും വിശ്രമവുമായി വീട്ടില്‍ തന്നെ കഴിഞ്ഞു. ഭാര്യയുടെ ജീവിതഭാരം വീണ്ടും കൂടിക്കൊണ്ടിരുന്നു. സ്ഥിരമായി ജോലിയില്ലാതിരുന്ന അയാള്‍ക്ക് ഇന്‍ഷുറന്‍സിനു വേണ്ടത്ര ചികിത്സ ഉള്‍ക്കൊള്ളുന്നതായിരുന്നില്ല. എങ്കിലും അവളുടെ കഴിവനുസരിച്ച് അയാളെ ചികിത്സിച്ചുകൊണ്ടിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും അയാളുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു. സ്വയം ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി. ഉള്ള ജോലി ഉപേക്ഷിച്ച് അയാളെയും ശുശ്രൂഷിച്ച് വീട്ടിലിരുന്നാല്‍ എങ്ങനെ ജീവിതം മുമ്പോട്ടു കൊണ്ടുപോകും. അതായിരുന്നു അവളുടെ ചിന്ത. ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി ജോലിചെയ്താലെ മിനിമം പെന്‍ഷനെങ്കിലും കിട്ടുകയുള്ളൂ, അതുകൊണ്ട് കഷ്ടപ്പെട്ടിട്ടാണെങ്കിലും തുടര്‍ന്ന് ജോലി ചെയതുകൊണ്ടിരുന്നു. സ്വന്തം ശരീരത്തിന്റെ ക്ഷീണം, മനസ്സിന്റെ ആധി, എല്ലാം ഉള്ളിലൊതുക്കി എങ്ങനെയൊക്കെയോ അവള്‍ ജീവിതം തള്ളി നീക്കി. ഒരു താങ്ങായി ആരും ഇല്ലാത്ത അവസ്ഥ. ചുറ്റിലും ഏകാന്തത മാത്രമായിരുന്നു അവളുടെ സഹചാരി.
അന്നൊരു ഞായറാഴ്ച വൈകുന്നേരമായപ്പോള്‍ മക്കള്‍ രണ്ടുപേരും അയാളെ കാണാനായി വീട്ടിലേക്ക് വന്നു. പണ്ടു മുതലേ അയാളുടെ ഓരോ പ്രവര്‍ത്തിയും എതിര്‍ത്തവരാണ് അവര്‍. അതുകൊണ്ടു തന്നെ സഹതാപം ഒട്ടും തന്നെ അവരുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. അയാളെ അവര്‍ കണ്ടു. അങ്ങോട്ടും ഇങ്ങോട്ടും ഒന്നും സംസാരിക്കാതെ അല്പനേരം കഴിച്ചു കൂട്ടി. എന്തോ ഉദ്ദേശത്തോടുകൂടിയാണ് അവര്‍ വന്നതെന്ന് അവള്‍ക്കു തോന്നി. അത് ശരിയായിരുന്നു പറയാനുള്ള കാര്യങ്ങള്‍ അവര്‍ ഒരു മടിയും കൂടാതെ അവരോട് പറഞ്ഞു.
പപ്പയും മമ്മിയും താമസിക്കുന്ന ഈ വീടിന് ഞങ്ങളും അവകാശികളല്ലെ. നിങ്ങള്‍ക്കിനി എത്രകാല ഉണ്ടാകുമെന്ന് പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഈ വീട് ഞങ്ങളുടെ പേരില്‍ എഴുതിത്തരണം. ഏതൊരു അമ്മയും മക്കളില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യമായിരുന്നു അവര്‍ പറഞ്ഞത്. മക്കളുടെ വാക്കുകള്‍ അവരില്‍ ഹൃദയം പൊട്ടുന്ന വേദന ഉണ്ടാക്കി. എങ്കിലും എല്ലാം ഒരു നിശ്വാസത്തില്‍ ഒതുക്കി.
കഷ്ട്ടപ്പാടുകള്‍ക്കിടയിലും മക്കളെ അല്ലലില്ലാതെ വളര്‍ത്തി വലുതാക്കി. അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാറായി. എന്നിട്ടും അവര്‍ ഇങ്ങനെ ആയിപ്പോയി. ഇങ്ങനെ മക്കള്‍ ആര്‍ക്കും ഉണ്ടാകല്ലെ എന്ന് അവള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകും. അവര്‍ ഉറച്ച തീരുമാനവുമായി മുന്നോട്ടു നീങ്ങി. ആ വീട് ആരുടേയും പേരില്‍ എഴുതി നല്‍കിയില്ല. വിവരം അറിഞ്ഞ മക്കള്‍ പിന്നീട് വീട്ടില്‍ വരികയോ, അമ്മയെ വിളിക്കുകയോ ചെയ്യാറില്ല. ബന്ധങ്ങള്‍ എത്രവേഗം അകന്നുപോകുന്നു. ആ ഭാരവും അവള്‍ പേറി നടന്നു.
അയാളുടെ ചികിത്സയില്‍ യാതൊരു മാറ്റവും കാണാതായി. എന്തുചെയ്യണമെന്നറിയാതെ അവളുടെ മനസ്സ് വേവലാതിപ്പെടുകയായിരുന്നു. അങ്ങനെയിരിക്കെ നാട്ടില്‍നിന്നും നിര്‍ദ്ദേശിച്ചതനുസരിച്ച് ആയുര്‍വ്വേദ ചികിത്സ നേടാമെന്ന് തീരുമാനിച്ചു. എല്ലാത്തിനും പണം കണ്ടെത്തണം. അതും അവള്‍ക്കൊരു ഭാരമായിരുന്നു. എങ്കിലും തന്റെ ജീവിതപങ്കാളിയെ ശുശ്രീഷിക്കേണ്ടത് അവളുടെ കടമയാണെന്ന തിരിച്ചറിവ് എല്ലാത്തിനും ധൈര്യം നല്‍കി. അങ്ങനെ അയാളെ വീല്‍ചെറില്‍ ഇരുത്തി അവള്‍ യാത്രക്കൊരുങ്ങി വിമാനത്താവളത്തില്‍ എത്തി.
യാത്രയില്‍ എന്ത് സഹായത്തിനും താന്‍ ഉണ്ടാകും എന്ന ഉറപ്പ് നല്‍കി ഞങ്ങള്‍ ഒരേ വിമാനത്തില്‍ യാത്രയായി. അയാളെ എഴുന്നേല്‍പ്പിച്ച് ഇരുത്തുവാനും, ടോയിലറ്റില്‍ കൊണ്ടുപോകാനും പറയാതെ തന്നെ സഹായിച്ചു. അങ്ങനെ ഞങ്ങള്‍ നാട്ടില്‍ എത്തി. വിമാനത്തില്‍ നിന്നിറങ്ങി, എമിഗ്രേഷനും, പെട്ടി എടുക്കലും കഴിഞ്ഞ് ഞങ്ങള്‍ പുറത്തുവന്നു. അവരെ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ വന്നിരുന്നു. എല്ലാ സഹായത്തിനും നന്ദി പറഞ്ഞ് അവര്‍ യാത്രയായി. താനൊരു ടാക്‌സിപിടിച്ച് വീട്ടിലും എത്തി.
നാട്ടിലെത്തി രണ്ട് ആഴ്ച ആയിട്ടുണ്ടാകും. രാവിലെ പത്രമെടുത്ത് പ്രധാന വാര്‍ത്തകള്‍ ഓടിച്ചൊന്നുനോക്കി. ചരമകോളത്തിലെ ആ വാര്‍ത്ത വീണ്ടും വീണ്ടും വായിച്ച് ഉറപ്പുവരുത്തി. അതെ അത് അയാള്‍ തന്നെ!
ഉടനെ തന്നെ അയാളുടെ ഭാര്യയെ വിളിച്ച് തന്റെ ദുഃഖം അറിയിക്കണമെന്നുണ്ടായിരുന്നു. അപ്പോഴാണ് ഓര്‍ത്തത് അവളുടെ നമ്പര്‍ കൈവശം ഇല്ലായിരുന്നുവന്നത്.
അവള്‍ ഒരുപാട് കഷ്ടപ്പെട്ടു അയാള്‍ക്കുവേണ്ടി. പക്ഷേ ഫലം കിട്ടിയില്ല. എങ്കിലും തന്റെ കടമ, മരണം വരെ സുഖത്തിലും, ദുഃഖത്തിലും സന്തോഷത്തിലും ദാരിദ്ര്യത്തിലും ഒരുമിച്ച് ഒരു ശരീരമായി ജീവിച്ചുകൊള്ളാമെന്ന് എടുത്ത പ്രതിജ്ഞ, അവള്‍ക്ക് ആശ്വാസമേകി. ജീവിക്കണം ഇനിയും ജീവിക്കണം.