ഹലാല്‍: ഒരു യൂറോപ്യന്‍ വിചാരം – 2
സി.വി എബ്രഹാം, സ്വിറ്റ്‌സര്‍ലന്‍ഡ്
`മതവും രാഷ്ട്രീയവും മാത്രം ഉപജീവന മാര്‍ഗമാക്കി മറ്റുള്ളവരുടെ ചിലവില്‍ ജീവിക്കാന്‍ ഭാഗ്യം ചെയ്ത ധാരാളം പേരുള്ള കേരളത്തില്‍ ഹലാല്‍ വിഷയം പരസ്പരമുള്ള പോര്‍വിളിയിലേയ്ക്കും, വെണ്ടക്കയിലും വഴുതനങ്ങ യിലും വരെ ഹിന്ദുത്വം കാണുന്നതിലേയ്ക്കുമൊക്കെ എത്തി നില്‍ക്കുന്നതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല`
ലോകത്തിലെ മിക്കവാറും എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും യാത്രക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥനാ മുറികള്‍ ഒരുക്കിയിട്ടുണ്ടാവും; ചിലയിടങ്ങളില്‍ എല്ലാവര്‍ക്കും കൂടി ഒരു മുറിയാണെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ ക്രിസ്ത്യന്‍, മുസ്ലിം, ഹിന്ദുവല്ലെങ്കില്‍ മറ്റുള്ളവര്‍ക്കെല്ലാം കുടി ഇങ്ങനെയാണ് ഞാന്‍ കണ്ടിട്ടുള്ളത്.
വിമാനത്തില്‍ കയറിയാല്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കണമെന്നു പ്രാര്‍ത്ഥിക്കുന്നത് ഒരു മുറിയില്‍ ആകുന്നതില്‍ ആരും പരാതിപ്പെടാറില്ല, കാരണം പ്രാര്‍ത്ഥിക്കേണ്ടവര്‍ക്ക് വേണമെങ്കില്‍ മാത്രം അതിനകത്ത് കയറിയാല്‍ മതി. ഇനി വ്യത്യസ്ത ദൈവങ്ങള്‍ക്കു വേണ്ടി മുറികള്‍ വീതിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ ഒരു ദൈവത്തിന്റെ ആള്‍ക്കാരെ മറ്റൊരു മുറിയില്‍ പ്രതീക്ഷിക്കുകയും വേണ്ട. ഇതു തന്നെയാണ് ഹലാല്‍ വിഷയത്തിലും സംഭവിക്കുന്നത്.
ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ഹലാല്‍ എന്ന തലക്കെട്ടു കണ്ടാല്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ മറ്റുള്ള ഭക്ഷണശാലകളെ ഒഴിവാക്കിയിരിക്കും. അതില്‍ ഒരു തീവ്രത കാണാതിരിക്കുന്നതാണ് ഭംഗി. എന്നാല്‍ ഹലാലും, ശുദ്ധിയും വൃത്തിയുമൊക്കെയായി ബന്ധിപ്പിച്ചു മറ്റു മറ്റു ഭക്ഷണശാലകളിലേതിലും ഭേദപ്പെട്ട എന്തോ ആണ് തങ്ങള്‍ വിളമ്പുന്നതെന്നു പ്രചരിപ്പിച്ചാല്‍ അതിനെയൊട്ടു ന്യായീകരിക്കാനും സാധ്യമല്ല.
ആദ്യമായി മനസ്സിലാക്കുക, ഹലാല്‍ ഒരു വലിയ സംഭവമൊന്നുമല്ല; ഇസ്ലാമിനൊഴിച്ച്.
എന്റെ ആദ്യത്തെ ലേഖനത്തില്‍ പറഞ്ഞിരുന്നതു പോലെ യെഹൂദരില്‍ നിന്നുമാണ് ഈ രീതി ഇസ്ലാമിലെത്തിയത്.
സുന്നത്തും, എബ്രഹാം നബിയും ഇസ്ലാമിന്റെ ആരംഭ നാളുകളില്‍ യെരുശലേം ദേവാലയത്തിങ്കലേക്കു തിരിഞ്ഞു നിസ്‌കരിച്ചിരുന്നതുമെല്ലാം ഇസ്ലാമിന്റെ യെഹൂദബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.
അതിനിടയ്ക്കു ക്രിസ്ത്യാനി വന്നെങ്കിലും അവര്‍ക്കു സ്വന്തമായി ഒരു സംസ്‌കാരം അവകാശപ്പെടാനില്ലായിരുന്നു, യെഹൂദരുടെ പിന്തുടര്‍ച്ചയല്ലാതെ.
അതുകൊണ്ട് നബിയാകുന്നതിനു മുന്‍പുള്ള എബ്രഹാം തന്നെയാണ് ക്രിസ്ത്യയാണിയുടെയും പൂര്‍വ പിതാവ്.
ഹലാലില്‍ മൃഗങ്ങളെ കശാപ്പു ചെയ്യാന്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരില്ലെങ്കില്‍ യെഹൂദനോ ക്രിസ്ത്യാനിയോ ആയാലും മതിയെന്നു പറയാന്‍ കാരണം, ഹിന്ദുക്കളെപ്പറ്റി ആ കാലഘട്ടത്തില്‍ അറബികള്‍ക്ക് അറിവില്ലാതിരുന്നതുകൊണ്ടായിരിക്കണം. അല്ലെങ്കില്‍ ബന്ധ ശത്രുക്കളായ യെഹൂദനും, ISIS മുന്‍പില്‍ തലയറുക്കപ്പെടുന്ന ക്രിസ്ത്യാനിയുമൊക്കെ കശാപ്പു ചെയ്യുന്ന മൃഗങ്ങള്‍ എങ്ങിനെയാണ് ഹലാലാവുക !
ഹലാല്‍ ഒരു കശാപ്പു രീതി മാത്രമാണ്, ആ രീതിയില്‍ ഒരു ഹിന്ദു വെട്ടുന്ന ഉരുക്കളും ഹലാലില്‍ പെടുമെന്നതാണ് യുക്തി.
(ഉരുവിനെ അറക്കുന്നതിനു മുന്‍പ് പ്രാര്‍ഥിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്, ബിസ്മി ചൊല്ലി മുസ്ലിം വെട്ടുന്നെങ്കില്‍ രാമനെ വിളിച്ചു ഹിന്ദുവിനും വെട്ടാം. മൃഗത്തിന് ഭാഷ തിരിയില്ലെന്നാണല്ലോ നമ്മള്‍ പറഞ്ഞു വച്ചിട്ടുള്ളത്).
പക്ഷെ പരിഷ്‌കൃത രാജ്യങ്ങളില്‍ മൃഗങ്ങളെ വേദന കൊണ്ടു പിടഞ്ഞു മരിക്കാന്‍ വിടാതെയുള്ള അറവു രീതികള്‍ മാത്രം അനുവദനീയമായിരിക്കയും ഹലാല്‍ കശാപ്പു നിരോധിക്കയും ചെയ്തിരിക്കുമ്പോള്‍ നമുക്കും ആ ദിശയില്‍ ചിന്തിച്ചു കൂടെ.
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍, ഭക്ഷണശാലകള്‍ ഹിന്ദുവിന്റെയായാലും മുസ്ലിമിന്റെയായാലും കച്ചവടത്തില്‍ ലാഭം പ്രതീക്ഷിക്കുന്ന ഹോട്ടലുടമ ഹലാല്‍/ നോണ്‍ ഹലാല്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നതാവും ആരോഗ്യകരം; അതിനു വേണ്ടുന്ന മാംസം പ്രത്യകം വാങ്ങി പാചകം ചെയ്താല്‍ മതിയാവുമല്ലോ.
അതിനു താല്പര്യമില്ലാത്തവര്‍ക്ക് ചിലപ്പോള്‍ നേരിയ തോതില്‍ കച്ചവടം കുറയുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കാനും പോകുന്നില്ല.
സാമുഹ്യ മാധ്യമങ്ങളിലൂടെ തങ്ങളുടെ വിലപ്പെട്ട അറിവുകള്‍ പൊതുജഞങ്ങളുമായി പങ്കു വയ്ക്കുന്ന പണ്ഡിതന്മാര്‍ സസ്യാഹാരം ഹിന്ദുവിന്റേതാക്കി മുദ്ര കുത്തുമ്പോള്‍ പാശ്ചാത്യരില്‍ നല്ലൊരു വിഭാഗം ഇന്നു ഹിന്ദുത്വത്തെ പുണരാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്ന ഭീകരാവസ്ഥയെ കാണാതെ പോകരുത്!