സിദ്ദീഖ് കാപ്പന്റെയും കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെയും മാത്രം ജാമ്യം തടയുന്നത് എന്തിന് എന്ന് പി ചിദംബരം
സുപ്രിംകോടതി മുമ്പോട്ടു വയ്ക്കുന്ന തുല്യനീതി എന്തു കൊണ്ടാണ് രാജ്യത്തു എല്ലാവര്‍ക്കും ലഭിക്കാത്തത് എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി എന്നിവര്‍ക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിന്റെ ചോദ്യം.
‘മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും മാത്രം എന്തു കൊണ്ടാണ് കോടതികള്‍ ജാമ്യം നിഷേധിക്കുന്നത്. സമത്വം എന്നതിന്റെ അര്‍ത്ഥം നീതിയിലേക്കുള്ള തുല്യ പ്രവേശമാണ്, നിയമസംഹിതകള്‍ തുല്യമായി നടപ്പാക്കുക എന്നതാണ്.’ – ചിദംബരം ട്വിറ്ററില്‍ പറഞ്ഞു. ജാമ്യമാണ് നിയമം, ജയില്‍ അപവാദമാണ് എന്ന് സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ചും (ജസ്റ്റിസ് രവീന്ദ്ര ഭട്ട്) ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള മറ്റൊരു ബഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കേസിലും ഇത് നടപ്പാക്കാത്തത് എന്താണ്- അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹാഥ്റസ് സംഭവത്തിന് ശേഷം യുപിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. മഥുരയില്‍ വച്ചായിരുന്നു സിദ്ദീഖിനെയും സുഹൃത്തുക്കളായ അതീഖ് റഹ്മാന്‍, മസൂദ് അഹ്മദ്, ആലം എന്നിവരെ യുപി പൊലീസ് അറസ്റ്റു ചെയ്തത്. ഇന്‍ഡോറില്‍ ജനുവരി ഒന്നിന് പുതുവര്‍ഷാഘോഷ ചടങ്ങില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് 28കാരനായ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി എം.എല്‍.എ മാലിനി ഗൗഡിന്റെ മകന്‍ എകലവ്യ ഗൗഡ് നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. കൂടെയുണ്ടായിരുന്ന നളിനി യാദവ്, പ്രകാര്‍ വ്യാസ്, പ്രിയം വ്യാസ്, എഡ്വിന്‍ ആന്റണി എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്. ജ്യാമ്യത്തിനായി പല തവണ ഇവര്‍ കോടതിയെ സമീപിച്ചു എങ്കിലും ജാമ്യപേക്ഷ കോടതി തള്ളുകയാണ്.