റിമാന്‍ഡ് പ്രതിയുടെ മരണം ; ജയില്‍ അധികൃതരുടെ വീഴ്ച വെളിപ്പെടുത്തി വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍

റിമാന്‍ഡില്‍ ജയിലില്‍ കഴിയവേ പ്രതി മരിച്ചത് ജയില്‍ അധികൃതരുടെ വീഴ്ച മൂലമെന്ന് ദൃക്‌സാക്ഷി. റിമാന്‍ഡില്‍ കഴിയുകയായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീക്ക്അപസ്മാരം കാരണം തലയടിച്ച് വീണിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് അന്നേ ദിവസം ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്റെ വെളിപ്പെടുത്തല്‍.

എറണാകുളത്തെ ബോര്‍സ്റ്റണ്‍ സ്‌കൂളില്‍ റിമാന്‍ഡില്‍ താമസിപ്പിച്ചിരുന്ന ഷെഫീക്ക് അപസ്മാരം ബാധിച്ച് വലിയ അലര്‍ച്ചയോടെ തലയടിച്ച് വീണെന്നാണ് എതിര്‍ഭാഗത്തെ സെല്ലില്‍ കഴിഞ്ഞിരുന്ന നിപുണ്‍ ചെറിയാന്റെ വെളിപ്പെടുത്തല്‍. പ്രാഥമിക ശുശ്രൂഷ നല്‍കിയത് സഹതടവുകാരാണ്. ജയില്‍ അധികൃതര്‍ സെല്ലിലേക്ക് എത്തിയിട്ടും കയ്യില്‍ താക്കോല്‍ പിടിപ്പിക്കുന്നത് പോലുള്ള അശാസ്ത്രീയമായ രീതികളാണ് പിന്‍തുടര്‍ന്നത്. തലയിടിച്ചാണ് വീണതെന്നും എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്നുമുള്ള സഹതടവുകാരുടെ ആവശ്യം ജയില്‍ അധികൃതര്‍ കാര്യമായെടുത്തില്ലെന്നും നിപുണ്‍ പറയുന്നു.

അപസ്മാരമുണ്ടായ ഷെഫീക്കിനെ ആ സമയം ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന കാര്യം ജയില്‍ സൂപ്രണ്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. അപസ്മാരം ഉണ്ടായി സാധാരണ നിലയിലായ ഷെഫീക്കിനെ പിന്നീട് കോവിഡ് ടെസ്റ്റിനായി ആലുവ ആശുപത്രിയില്‍ എത്തിച്ചപ്പോഴും വീഴ്ചയുമായി ബന്ധപ്പെട്ട ചികിത്സ നല്‍കാന്‍ തയ്യാറായില്ല. പിന്നീട് വൈകുന്നേരം ജയിലില്‍ വെച്ച് ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഷെഫീക്കിന് മരണം സംഭവിക്കുകയായിരുന്നു. ജയില്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ വീഴ്ച വ്യക്തമാണെന്നിരിക്കെയാണ് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. ഷെഫീക്കിന്റെ മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. ഉത്ഘാടനത്തിനു മുന്‍പ് പാലം തുറന്നു കൊടുത്തു എന്ന കേസിലാണ് വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.