മുത്തൂറ്റ് ഫിനാന്‍സില്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച ; ഏഴു കോടി കവര്‍ന്നു

മുത്തൂറ്റ് ഫിനാന്‍സിന്റെ കൃഷ്ണഗിരി ജില്ലയില്‍ തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപകലാണു കൊള്ള നടന്നത്. 25091 ഗ്രാം സ്വര്‍ണവും 96000 രൂപയുമാണ് കവര്‍ന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. ഇന്ന് രാവിലെയാണ് സംഭവം.

ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെല്ലാം സ്ഥാപനത്തില്‍ ജോലിക്കെത്തിയതിനു ശേഷമായിരുന്നു കവര്‍ച്ച. പൊലീസ് അന്വേഷണം ആരംഭിച്ചു. ബ്രാഞ്ചില്‍ ഒമ്പതരയോടെ അഞ്ചംഗ മുഖമൂടി സംഘം ഇരച്ചുകയറുകയായിരുന്നു. സെക്യുരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജറില്‍ താക്കോലുകള്‍ കൈക്കലാക്കി. കൊല്ലമെന്നു ഭീഷണിപെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറന്നു കൊള്ള നടത്തുകയായിരുന്നു.

സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും എടുത്താണ് കവര്‍ച്ചാ സംഘം മടങ്ങിയത്. സമീപത്തെ കടകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.