ഭര്‍ത്താവിന്റെ ബീജത്തില്‍ ഭാര്യയ്ക്ക് മാത്രം അവകാശമെന്ന് കോടതി

മരിച്ചുപോയ ഭര്‍ത്താവിന്റെ ബീജത്തിന്റെ അവകാശം ഭാര്യയ്ക്ക് മാത്രമാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി.ജസ്റ്റിസ് സബ്യസാച്ചി ബട്ടാചാര്യയുടേതാണ് വിധി. ബീജബാങ്കില്‍ മകന്റെ ബീജം സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന അച്ഛന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മരിച്ചുപോയത് ഹര്‍ജിക്കാരന്റെ ഏകമകന്‍ മാത്രമാണെങ്കിലും ബീജത്തിന് അവകാശി മകന്റെ ഭാര്യ മാത്രമാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കി. ശീതീകരിച്ച നിലയിലുള്ള ബീജം ശേഖരിക്കാന്‍ അനുമതി തേടിയാണ് പിതാവ് കോടതിയെ സമീപിച്ചത്. 2020 മാര്‍ച്ചിലാണ് അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഏകമകന്റെ ബീജം സംരക്ഷിക്കപ്പെടാതെ വന്നാല്‍ കുലം നശിച്ചുപോകുമെന്ന് അച്ഛന്‍ ഭയപ്പെടുന്നതായി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മകന്റെ ബീജം സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കാന്‍ അച്ഛന് മൗലികാവകാശം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഭാര്യയ്ക്ക് മാത്രമാണ് ഇതില്‍ അവകാശം. അച്ഛനും മകനുമാണ് എന്ന് കരുതി മകന് സന്തതി പരമ്പര ഉണ്ടാകണമെന്ന് അവകാശപ്പെടാന്‍ അച്ഛന് കഴിയില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്ത മകന്‍ കല്യാണത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് പോയി. അവിടെ കോളജില്‍ പഠിപ്പിക്കുന്നതിനിടെയാണ് മരിച്ചത്.

മകന്റെ മരണത്തിന് പിന്നാലെയാണ് അച്ഛന്‍ ഡല്‍ഹിയിലെ ബീജ ബാങ്കിനെ സമീപിച്ചത്. കരാര്‍ സമയത്ത് മകന്റെ ബീജം അനുവാദമില്ലാതെ നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ ബീജബാങ്കിന് കത്തയച്ചു. എന്നാല്‍ 2019ല്‍ വിവാഹം നടന്നു എന്ന് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കാന്‍ ഡല്‍ഹി ആശുപത്രി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി മരുമകളോട് എന്‍ഒസി ആവശ്യപ്പെട്ടപ്പോള്‍ തന്നില്ല എന്നതാണ് ഹര്‍ജിയില്‍ പറയുന്നത്.