കൊല്ലത്തു ദമ്പതികളെ അടിച്ചുവീഴ്ത്തി സ്വര്‍ണമാല കവര്‍ന്ന സംഭവം ; ക്വട്ടേഷന്‍ നല്‍കിയത് പെണ്‍കുട്ടിയുടെ അമ്മ
കൊല്ലത്ത് ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി ഒന്‍പത് പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ അമ്മയെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ അമ്മ എഴുകോണ്‍ കാക്കക്കോട്ടൂര്‍ കേരളപുരം കല്ലൂര്‍വിള നെജി (48)യെ എഴുകോണ്‍ പൊലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തു. ഡിസംബര്‍ 24-ന് വൈകിട്ട് 7.45ന് ആയിരുന്നു സംഭവം. നെജിയുടെ മൂത്ത മകള്‍ അഖിന (20)യും ഭര്‍ത്താവ് ജോബിനും (24) കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരേയും സ്‌കൂടറിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു.
ആക്രമണം നടത്തിയ കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാര്‍ജ മന്‍സിലില്‍ ഷബിന്‍ഷ (ചിപ്പി-29), വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ജനുവരി ആറിന് പൊലീസ് പിടികൂടിയപ്പോഴാണ് സംഭവത്തില്‍ നെജിയുടെ പങ്ക് പുറത്തായത്. പ്രതികള്‍ പിടിയിലായ ശേഷം വീടു വിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു. ആക്രമിക്കാന്‍ ഉണ്ടായ കാരണമായി നെജി പറഞ്ഞത് താന്‍ പറഞ്ഞാല്‍ മരുമകന്‍ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമെന്നുമാണ് നെജി പൊലീസിനോട് പറഞ്ഞത്. അതുകൊണ്ടാണ് 10,000 രൂപയ്ക്ക് ഷെബിന്‍ഷായ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്.