ട്രംപ് മാപ്പ് നല്‍കിയവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരനും
പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പു മാപ്പ് നല്‍കിയവരുടെ ലിസ്റ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരനും സിനിമാ നിര്‍മാതാവും കണ്‍സര്‍വേറ്റീവ് ആന്‍ഡ് പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ ദിനേഷ് ഡി സൂസയും ഉള്‍പ്പെടുന്നു.
ജനുവരി 20 ന് 73 പേര്‍ക്ക് മാപ്പും 70 പേര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവും നല്‍കിയിരുന്നു. ദിനേഷിനോടു വളരെ നിരുത്തരവാദപരമായാണ് ഗവണ്‍മെന്റ് പെരുമാറിയതെന്നും ട്രംപ് പറഞ്ഞു. 2014 ല്‍ തെരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗം നടത്തി എന്ന കേസില്‍ 5 വര്‍ഷത്തെ പ്രൊബേഷനു കോടതി വിധിച്ചിരുന്നു. 2012 യുഎസ് സെനറ്റ് തെരഞ്ഞെടുപ്പില്‍ ന്യുയോര്‍ക്കില്‍ നിന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച വെന്‍ഡി ലോങ്ങിന്റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നടന്ന കൃത്രിമത്തെകുറിച്ചു അന്വേഷിച്ചത് ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് അറ്റോര്‍ണി പ്രീത് ബറാറയുടെ നേതൃത്വത്തിലുള്ള ഒരു ടീമായിരുന്നു. ആദ്യം ദിനേഷ് ആരോപണങ്ങള്‍ നിഷേധിച്ചുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. അഞ്ചു വര്‍ഷം പ്രൊബേഷന്‍ കാലാവധിയില്‍ ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും 8 മണിക്കൂര്‍ കമ്യൂണിറ്റി വര്‍ക്ക് ചെയ്യണമെന്നും കോടതി വിധിച്ചിരുന്നു.
കണ്‍സര്‍വേറ്റീവായിരുന്ന ദിനേഷ്, ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനും ഒബാമയെകുറിച്ച് ദ റൂട്ട്‌സ് ഓഫ് ഒബാമാസ് റേജ് (THE ROOTS OF OBAMA’S RAGE) ഉള്‍പ്പെടെ ചലചിത്രങ്ങളും നിര്‍മിച്ചിരുന്നു.