വാക്‌സിന്‍ എത്തിച്ചതിന് മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന ട്വീറ്റില്‍ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രം ബോള്‍സോനാരോ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമത്തില്‍ ഇന്ത്യയെ പോലെയുള്ള മഹത്തായ രാജ്യത്തിന്റെ പിന്തുണ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബോള്‍സോനാരോ കുറിച്ചു. ബ്രസീലിയന്‍ ഭാഷയിലാണ് ട്വീറ്റ് എങ്കിലും അഭിസംബോധന ചെയ്യാന്‍ നമസ്‌കാര്‍, നന്ദി പറയാന്‍ ധന്യവാദ് തുടങ്ങിയ പദങ്ങള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തില്‍ ബ്രസീലിനെ സഹായിക്കാന്‍ കഴി?ഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബോള്‍സോനാരോയ്ക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ആരോഗ്യ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും പ്രധാന മന്ത്രി വ്യക്തമാക്കി. വാണിജ്യാടിസ്ഥാനത്തില്‍ കോവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ രണ്ട് ദശലക്ഷം വാക്സിന്‍ ഡോസുകളാണ് വെള്ളിയാഴ്ച ഇന്ത്യ ബ്രസീലിലേക്ക് കയറ്റി അയച്ചത്. യുകെ മരുന്ന് നിര്‍മാതാക്കളായ അസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു വികസിപ്പിച്ച് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനാണ് ബ്രസീലിലേക്ക് കയറ്റി അയച്ചത്. പല രാജ്യങ്ങളില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന് ഓര്‍ഡര്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുമതി കയറ്റി അയയ്ക്കാന്‍ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജനുവരി 16ന് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചിരുന്നു.

കോവിഷീല്‍ഡ് വാക്‌സിന്‍ കയറ്റി അയയ്ക്കണമെന്ന് ബ്രസീല്‍ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം ഡോസിന്റെ കരാറില്‍ ബ്രസീല്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനായി ബ്രസീല്‍ ഒരു വിമാനം ഇന്ത്യയിലേക്ക് അയച്ചിരുന്നുവെങ്കിലും ഇന്ത്യയില്‍ വാക്‌സീന്‍ വിതരണം ആരംഭിച്ചതിനു ശേഷം മാത്രം വാക്‌സിന്‍ മറ്റു രാജ്യങ്ങളിലേക്ക് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പ്രധാനമന്ത്രി. സുഹൃത് രാജ്യമായ ഭൂട്ടാനിലേക്കും ഇന്ത്യ കോവിഡ് വാക്‌സിന്‍ സമ്മാനമായി നല്‍കിയിരുന്നു.