കാസര്‍കോട് യുവതിയെ ശല്യം ചെയ്തു എന്ന പേരില്‍ മദ്ധ്യവയസ്‌ക്കനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു
കാസര്‍കോട് നഗരത്തില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദനമേറ്റതെന്ന് പറയപ്പെടുന്നു. കാസര്‍കോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് ശല്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഈ യുവതി റഫീഖിനെ അടിച്ചു. അതിന് ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. റഫീഖിന് പിന്നാലെ യുവതിയും എത്തി. വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് റഫീഖിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ റഫീഖ് അതേ ആശുപത്രിക്ക് മുന്നില്‍ തന്നെ വീണു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാസര്‍കോട് കിംസ് അരമന ആശുപത്രിക്ക് സമീപമാണ് സംഭവം ഉണ്ടായത്. റഫീക്ക് ചിലരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നാണ് സമീപത്ത് ഉണ്ടായിരുന്നവര്‍ പറയുന്നത്. വാക്കു തര്‍ക്കത്തിനു ശേഷം റഫീഖ് ആശുപത്രി ബസ് സ്റ്റോപ്പിന് സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാനെത്തി. ഇവിടെ നിന്ന് റഫീഖ് മരുന്ന് വാങ്ങിക്കൊണ്ടിരിക്കുന്നതിന് ഇടയില്‍ ചിലര്‍ എത്തി ഇയാളെ അടിക്കുകയായിരുന്നു. പട്ടാപ്പകല്‍ സമയത്ത് മെഡിക്കല്‍ സ്റ്റോറിന്റെ മുമ്പില്‍ വച്ചു തന്നെ അടിച്ചും തൊഴിച്ചും റഫീഖിനെ കൊലപ്പെടുത്തുകയായിരുന്നു. കിംസ് അരമന ആശുപത്രിക്ക് സമീപമുള്ള ഹെല്‍ത്ത് മാളിനടുത്ത് ആണ് റഫീഖ് വീണു കിടന്നത്. ബോധരഹിതനായി കാണപ്പെട്ട റഫീഖിനെ ഉടന്‍ തന്നെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം മര്‍ദ്ദനം നടക്കുന്നതിന്റെ ഇടയില്‍ സ്ഥലത്തു പോലീസ് സാന്നിധ്യം ഉണ്ടായിരുന്നു എന്നും എന്നാല്‍ പോലീസുകാര്‍ സംഭവത്തില്‍ ഇടപെട്ടില്ല എന്നും നാട്ടുകാര്‍ പറയുന്നു.തുടര്‍ന്ന് കൊലപാതക വിവരം അറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തെ കണ്ടെത്താന്‍ സി സി ടി പി ക്യാമറ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. റഫീഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.