എറണാകുളം കളമശേരിയില്‍ പതിനേഴുകാരന് ക്രൂരമര്‍ദനം ; ഒരാള്‍ അറസ്റ്റില്‍

കൊച്ചി : കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴുപേര്‍ക്കെതിരെ കേസെടുത്തു. കളമശ്ശേരി പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. പ്രതികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. മര്‍ദ്ദിച്ചവരില്‍ ഒരാളൊഴികെ മറ്റുള്ളവര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. ഇവരുടെ മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തുയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമാണ് കളമശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപം വെച്ച് എച്ച് 17 വയസുകാരനെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മൊബൈലില്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 4 പ്രതികളെ കളമശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. 18 വയസ് പൂര്‍ത്തിയായ അഖില്‍ എന്നയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.

എഴുന്നേറ്റ് നില്‍ക്കാനാവാതെ വന്നതോടെ മര്‍ദനമേറ്റ കുട്ടിയെ ഇന്നലെ രാത്രി ആലുവ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത ഒരാളുടെ സഹോദരിയുമായുള്ള പ്രണയമാണ് മര്‍ദനത്തിന് പ്രകോപനമെന്ന് പ്രതികള്‍ പറയുന്നതിനാല്‍ പൊലീസ് ഇക്കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മര്‍ദനമേറ്റത്. ജയില്‍ മുറികളിലും ആഫ്രിക്കന്‍ നാടുകളിലെ അടിമകളോടും മറ്റും ചെയ്യുന്ന തരത്തില്‍ പുറത്തു വന്നിട്ടുള്ള ദൃശ്യങ്ങളില്‍ ഉള്ളതിന് സമാനമായ തരത്തില്‍ ക്രിമിനലുകളായ സമപ്രായക്കാര്‍ ഇയാളെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളത്. ഒരു വീടിന്റെ ബാല്‍ക്കണിയിലാണ് മര്‍ദനം നടക്കുന്നത് എന്നാണ് ദൃശ്യങ്ങളില്‍ മനസിലാകുന്നത്.

അവശനായി തളര്‍ന്നു വീണ 17കാരനെ നൃത്തം ചെയ്യിപ്പിക്കുന്നതും കൂര്‍ത്ത മെറ്റല്‍ കൂനയില്‍ മുട്ടുകുത്തി ഇരുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതും അസഭ്യം പറയുന്നതും കേള്‍ക്കാം. സിനിമാ സ്‌റ്റൈലില്‍ ചാടി ചവിട്ടുന്നതും കാണാം. കൂട്ടത്തിലെ ഏറ്റവും ഇളയവനെ കൊണ്ട് കവിളത്ത് തുടര്‍ച്ചയായി അടിപ്പിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ‘നീ ഇനി ഒരു പെണ്ണിന്റെയും പുറകെ നടക്കില്ല’ എന്ന് പറഞ്ഞ് ഇടിക്കുന്നതും കാണാം. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരന്‍ അവ വീണ്ടെടുകയായിരുന്നു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന്‍ എഴുന്നേറ്റ് നടക്കാനാകാത്ത നിലയിലാണ്. കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.