കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ; അയല്‍വാസിക്ക് എതിരെ പരാതി

കഠിനംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണി ആയി.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. നഗ്‌നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലം പ്രയോഗിച്ചും മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. അയല്‍വാസിയായ സുല്‍ഫി എന്ന യുവാവാണ് പ്രതി. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ, ഒരു ദിവസം വീട്ടിലേക്ക് പോകുന്ന വഴി സുല്‍ഫി തന്നെ തടഞ്ഞ് ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്തു. ഈ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവസ്ത്രയായ ഫോട്ടോ അയയ്ക്കാന്‍ നിര്‍ബന്ധിച്ചു. ഈ ചിത്രം കൈക്കലാക്കിയ ശേഷം പല തവണ ലൈംഗികമായി പീഡിപ്പിച്ചു. വിവസ്ത്രയായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് സുല്‍ഫിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം കഠിനംകുളം പൊലീസ് ആരംഭിച്ചു. പ്രതിയായ സുല്‍ഫി ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.