ശബരിമലയില്‍ വരുമാന നഷ്ട്ടം ; കടം വാങ്ങാന്‍ തയ്യാറായി ദേവസ്വം ബോര്‍ഡ്
ശബരിമല വരുമാനം കുത്തനെ ഇടിഞ്ഞതോടെ നിത്യ ചിലവിനും ശമ്പളത്തിനും പണം കടമെടുക്കാന്‍ തയ്യാറായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കോവിഡ് പ്രതിസന്ധിയും,യുവതീ പ്രവേശനവും മൂലം ഭക്തരുടെ എണ്ണത്തിലുണ്ടായ അതി ഭീകരമായ കുറവ് ശബരിമല വരുമാനത്തെ ഗണ്യമായി കുറച്ചിരുന്നു. നിലവില്‍ സര്‍ക്കാര്‍ സഹായം കൂടി ലഭിക്കില്ലാത്ത സ്ഥിതിയായതിനാല്‍ കടം വാങ്ങാതെ മറ്റ് മാര്‍ഗമില്ലെന്നാണ് സൂചന.
അയല്‍ സംസ്ഥാനങ്ങളിലെ പ്രധാന തീര്‍ഥാടക കേന്ദ്രങ്ങളോ അല്ലെങ്കില്‍ ഇവിടങ്ങളിലെ സമ്പന്നരായ ഭക്തരില്‍ നിന്നോ ആയിരിക്കും കടമെടുക്കുക എന്നാണ് സൂചന എന്നാല്‍ ബോര്‍ഡ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ശബരിമല വരുമാനം കുത്തനെ കുറഞ്ഞതോടെ ബോര്‍ഡില്‍ കടുത്ത പ്രതിസന്ധിയാണ്. അടുത്ത മാസത്തെ ശമ്പളം പോലും എങ്ങിനെ കൊടുക്കുമെന്ന് ആലോചിച്ച് നില്‍ക്കുകയാണ് ബോര്‍ഡ്. സര്‍ക്കാരിന് ശബരിമലയിലെ നഷ്ടം മുഴുവന്‍ നല്‍കാനാകില്ലെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്.
ശബരിമലയില്‍ 2019-20 കാലത്ത് 269.37 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 29 കോടി മാത്രം. 92 ശതമാനം കുറവ്. 2018ലെ യുവതീ പ്രവേശനവും ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിരുന്നു. രണ്ട് പ്രളയത്തിന് പുറമേ കൊവിഡ് ബാധയെ തുടര്‍ന്ന് 2020 മാര്‍ച്ച് 21 മുതല്‍ ക്ഷേത്രങ്ങള്‍ അടച്ചതോടെ വരുമാനം ഏറെക്കുറെ പൂര്‍ണമായി നിലച്ചു. ഇപ്പോള്‍ നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല സീസണ്‍ കാലത്ത് മാത്രമായിരുന്നു ഇത്രയുമധികം വരുമാനമെന്നതും ശ്രദ്ധേയമാണ്. രണ്ടാമതായി ഗുരുവായൂരാണ് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ക്ഷേത്രം.