പുലിയെ പിടികൂടി കറി വെച്ച് തിന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ ഒരുങ്ങി നാട്ടുകാര്‍

പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ചു തിന്നവര്‍ക്ക് പിന്തുണയുമായി നാട്ടുകാര്‍. സ്ഥിരം ശല്യമായിരുന്ന പുലിയെ പിടികൂടിയവര്‍ക്ക് സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികളെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വന്യജീവി ആക്രമണത്തിനെതിരെ പരാതികള്‍ ഉന്നയിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവാണെന്നും ആടിനേയും കോഴികളേയും മാസങ്ങള്‍ക്ക് മുമ്പ് പുലി പിടിച്ചിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പുലിയെ കെണിവച്ച് പിടിച്ച് ഇറച്ചി പാകം ചെയ്തു കഴിച്ച മാങ്കുളം മുനിപ്പാറ മേഖല വന്യജിവികളുടെ സ്ഥിരം വിഹാര മേഖലയാണ്.

നാളിതുവരെ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുലിയെ കൊന്ന് കറിവെച്ചവര്‍ക്ക് നാട്ടുകാര്‍ പിന്തുണ നല്‍കുന്നത്. എന്നാല്‍ വന്യമൃഗശല്യം സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. പുലിയെ പിടികൂടുന്നതും കൊല്ലുന്നതും നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ പുലിയെ പിടിക്കാന്‍ ഗൂഢാലോചന നടത്തിയാല്‍ പോലും ശിക്ഷ അനുഭവിക്കേണ്ടി വരും. മാങ്കുളത്ത് പുലിയ പിടികൂടിയ കേസില്‍ മുനിപാറ കൊള്ളിക്കടവില്‍ പി കെ വിനോദ്, ബേസില്‍ ഗാര്‍ഡന്‍ വീട്ടില്‍ വി പി കുര്യാക്കോസ്, മാങ്കുളം പെരുമ്പന്‍കുത്ത് ചെമ്പന്‍പുരയിടത്തില്‍ സി എസ് ബിനു, മാങ്കുളം മലയില്‍ സലി കുഞ്ഞപ്പന്‍, മാങ്കുളം വടക്കുംചേരില്‍ വിന്‍സെന്റ് എന്നിവരാണ് അറസ്റ്റിലായത്. പുലിയുടെ തോല്‍, നഖങ്ങള്‍, പല്ല് എന്നിവയും കറിവെച്ച ഇറച്ചിയും വനപാലകര്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.