സോളാര്‍ കേസ് ; ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറെന്ന് ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസില്‍ ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണ് എന്ന് ഉമ്മന്‍ ചാണ്ടി. മൂന്ന് വര്‍ഷം സോളര്‍ കേസില്‍ സമരം ചെയ്തു. അഞ്ച് വര്‍ഷം ഭരണത്തിലിരുന്നിട്ടും തെളിയിച്ചില്ല. ജാള്യത മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി കൂട്ടുകൂടാന്‍ നീക്കമെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

അന്വേഷണ റിപ്പോര്‍ട്ടിലെ കത്തിന്റെ ഭാഗം ഹൈക്കോടതി തള്ളിയതാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തു. എന്നിട്ടും തങ്ങള്‍ നിയമ നടപടിക്ക് പോയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ കൈയ്ക്ക് ആരു പിടിച്ചെന്നും അഞ്ച് വര്‍ഷം എന്ത് ചെയ്തുവെന്നും ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം. കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടി വരും. ജനങ്ങള്‍ എല്ലാം കാണുന്നും അറിയുന്നുമുണ്ട്. നടപടി ഗവണ്‍മെന്റിന് തിരിച്ചടിയാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മൂന്ന് ഡിജിപിമാര്‍ അന്വേഷിച്ചിട്ടും കേസില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം പുലി വരുന്നേ പുലി എന്നത് ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് സോളാര്‍ കേസില്‍ പിണറായി സര്‍ക്കാരിന്റെ നടപടിയെന്ന് ഹൈബി ഈഡന്‍ എം.പി. തിരഞ്ഞെടുപ്പുകളില്‍ കൃത്യമായി എത്തുന്ന പുലിയായി സോളാര്‍ കേസ് മാറുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമെന്നേ പറയാന്‍ പറ്റൂ. – ഹൈബി പ്രസ്താവനയില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും പ്രതീക്ഷിച്ചു നില്‍ക്കുന്ന സമയത്ത് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചത് സ്വര്‍ണ്ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതാവും ഉള്‍പ്പടെയുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നു ഒളിച്ചോടാന്‍ വേണ്ടിയുള്ള രാഷ്ട്രീയ പാപ്പരത്തമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് നാളുകള്‍ മുന്‍പാണ് കേസില്‍ എഫ്.ഐ.ആര്‍ ഇട്ടത്. ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ അടുത്ത തന്ത്രവുമായി സര്‍ക്കാരെത്തി. തട്ടിപ്പുകാരിയുടെ സാരിത്തുമ്പില്‍ പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന ഗതികേടിലേക്ക് ഇടതുമുന്നണി കുപ്പു കുത്തിയിരിക്കുന്നു. കേരളത്തിലെ പൊതുസമൂഹം ഇത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഹൈബി പറഞ്ഞു.

അതുപോലെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ്. ലൈഫ്, പെരിയ ഇരട്ടക്കൊല, മട്ടന്നൂര്‍ ശുഹൈബ് വധക്കേസ് തുടങ്ങിയ കേസുകള്‍ സി.ബി.ഐ.ക്ക് വിടാതെ സര്‍ക്കാര്‍ പ്രതിരോധിച്ചത് ചൂണ്ടിക്കാട്ടിയാണ് സിദ്ദീഖ് പ്രതികരണം. പാവാട ഒരു നല്ല സിനിമയാണെന്ന വാചകത്തോടെ പൃഥിരാജ് നായകനായ സിനിമയുടെ പോസ്റ്റര്‍ സഹിതമായിരുന്നു സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാന്‍ പാടില്ല. ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും. ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛനമ്മമാര്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി… വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി…

പാവാട ഒരു നല്ല സിനിമയാണു…”