സോളാര്‍ കേസ് സി ബി ഐക്ക് വിട്ട് പിണറായി സര്‍ക്കാര്‍ ; നടപടിക്കെതിരെ കോണ്‍ഗ്രസ്
സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍.നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ആറു കേസുകളാണ് സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാല്‍, അടൂര്‍പ്രകാശ്, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവരാണ് കേസിലെ ആരോപണവിധേയര്‍. നേരത്തെ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷമാദ്യമാണ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് കത്ത് കൈമാറിയത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ ഈ കത്തില്‍ എന്ത് നടപടി സ്വീകരിക്കും എന്നത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.
2017ലാണ് സോളാര്‍ സംരംഭക കേസിനാസ്പദമായ പീഡന പരാതി നല്‍കിയത്. 2018 ഒക്ടോബറില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തു. പൊലീസ് ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എ.എസ്.പി ജോസി ചെറിയാനു മുന്നില്‍ നേരിട്ടെത്തി ഈ കേസിലും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ തെളിവെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് കേസ് അപ്രതീക്ഷിതമായി സി.ബി.ഐക്ക് വിട്ടത്. അതേസമയം, കേസ് സി.ബി.ഐ ഏറ്റെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.
അതേസമയം സോളാര്‍ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത്.
സുപ്രീം കോടതി ജസ്റ്റീസ് അരിജിത് പസായത് ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാരിന് നേരത്തെ നിയമോപദേശം നല്‍കിയതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും. ഇതൊന്നും ഇവിടെ ചിലവാകാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലക്ക് പുറമേ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു.