അന്ധ വിശ്വാസ കൊല ; ആന്ധ്രയില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത
രാജ്യം ഞെട്ടിയ കൊലപാതകം ആയിരുന്നു ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മഡനപ്പള്ളിയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പെണ്‍മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. മന്ത്രവാദിയുടെ വാക്കുകേട്ട് മക്കള്‍ പുനര്‍ജനിക്കുമെന്ന ധാരണയിലാണ് വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മക്കളെ തലയ്ക്കടിച്ച് കൊന്നതെന്നായിരുന്നു വാര്‍ത്തകള്‍. അതേസമയം ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ദുരൂഹതയേറുന്നതാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പെരുമാറ്റമാണ് വിചിത്രമായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ടിവി 9 തെലുങ്ക് പുറത്തുവിട്ടു.
കൈകള്‍ കറക്കി വിചിത്ര ഭാവത്തില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം നടന്നു നീങ്ങുന്ന അമ്മയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാനസിക നില തെറ്റിയ രീതിയിലാണ് ഇവരുടെ പെരുമാറ്റം. ഉദ്യോഗസ്ഥര്‍ക്കൊപ്പം നടന്നുനീങ്ങുന്നതിനിടെ ഇവര്‍ പരിസരം മറന്ന് ചിരിക്കുന്നതും കാണാം. വിഡിയോയിലുടനീളം ഇവര്‍ കൈകള്‍ കറക്കുന്നതുകാണാം. അതേസമയം, മക്കളുടെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന പിതാവിന്റെ വിഡിയോയും ചാനല്‍ പുറത്തുവിട്ടു. മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് കണ്ണീരോടെ ചടങ്ങുകള്‍ ചെയ്യുന്ന പിതാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് പേരുടേയും പെരുമാറ്റത്തില്‍ സംശയമുള്ളതായി പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പുരുഷോത്തം നായിഡുവിന്റെയും പദ്മജയുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വേലക്കാരെ വീട്ടിനുള്ളില്‍ കയറ്റാറുണ്ടായിരുന്നില്ല. വീടിനു പുറത്ത് വൃത്തിയാക്കിയിട്ട് ജോലിക്കാര്‍ മടങ്ങിപ്പോകാറായിരുന്നു പതിവ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടില്‍ നിന്ന് വിചിത്ര ശബ്ദങ്ങള്‍ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആദ്യം ദമ്പതികള്‍ ചെറുത്തു. ഒരു ദിവസം തങ്ങള്‍ക്ക് നല്‍കണമെന്നും മക്കള്‍ പുനര്‍ജീവിക്കുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, പൊലീസ് ബലം പ്രയോഗിച്ച് അകത്തുകടന്നു. വീടിനുള്ളില്‍ എത്തിയപ്പോള്‍ പൊലീസ് കണ്ടത് ചുവന്ന തുണിയില്‍ പൊതിഞ്ഞ പെണ്‍കുട്ടികളുടെ മൃതദേഹമായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകമറിയുന്നത്. മഡനപ്പള്ളി ഗവ. ഡിഗ്രി കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറായ പുരുഷോത്തം നായിഡുവും ഭാര്യ ചിറ്റൂര്‍ ഐഐടി ടാലന്റ് സ്‌കൂളിലെ അധ്യാപികയായ പദ്മജയും മക്കളെ കൊലപ്പെടുത്തുകയായിരുന്നു. 27കാരിയായ അലേഖ്യയും 22കാരിയായ സായി ദിവ്യയുമാണ് കൊല്ലപ്പെട്ടത്. കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോള്‍ മക്കള്‍ പുനര്‍ജീവിക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം. ഡംബെല്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല.