16 സ്ത്രീകളെ കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ ഹൈദ്രാബാദില്‍ പിടിയില്‍

സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലറിനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ടാസ്‌ക് ഫോഴ്സിന്റെയും രാച്ചക്കണ്ട പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റു ചെയ്ത വിവരം ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജനി കുമാറാണ് സ്ഥിരീകരിച്ചത്. അറസ്റ്റിലായ മൈന രാമലു 16 സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ പല മൃതദേഹങ്ങളും അജ്ഞാതമാണെന്നു കണ്ടെത്തിയതിനാല്‍ കൊല്ലപ്പെട്ട എല്ലാവരെയും തരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മേഡക്, സൈബരാബാദ്, രാച്ചക്കണ്ട പ്രദേശങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ദിവസ വേതന തൊഴിലാളിയായി പ്രവര്‍ത്തുക്കുന്ന രാമലു ഹൈദരാബാദിലെ ബോരബന്ദയിലാണ് താമസിച്ചിരുന്നത്. രചകോണ്ട, സൈബരാബാദ് കമ്മീഷണറേറ്റുകള്‍ക്ക് കീഴില്‍ വിവിധ കേസുകളില്‍ നേരത്തെ 21 തവണ രാമുലുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ 16 എണ്ണം കൊലപാതകങ്ങളും നാലെണ്ണം മോഷണ കേസുകളുമായിരുന്നു.

ഈ കേസുകളിലൊന്നില്‍ രാമുലുവിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചെങ്കിലും പിന്നീട് പരോളില്‍ പുറത്തിറങ്ങി. അടുത്തിടെ മുളുഗു, ഘട്കേസര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന രണ്ട് കൊലപാതകക്കേസുകളില്‍ രാമുലു പ്രതിയാണ്. 2003 മുതലാണ് ഇയാള്‍ കൊലപാതകങ്ങളും മോഷണവും ആരംഭിച്ചത്. ഇയാള്‍ ഇതുവരെ കൊലപ്പെടുത്തിയവരെല്ലാം സ്ത്രീകളാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
വിശദമായ ചോദ്യം ചെയ്യലിനു ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

നിരപരാധികളായ സ്ത്രീകളെയാണ് ഇയാള്‍ കൊലക്കത്തിക്ക് ഇരയാക്കിയിരുന്നത്. ജനുവരി ആദ്യ വാരത്തില്‍ ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള അങ്കുഷാപൂരില്‍ പകുതി കത്തിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. മൃതദേഹത്തിന്റെ സാരിയില്‍ പതിച്ചിരുന്ന പേപ്പര്‍ കഷണത്തില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് വിവരം. പേപ്പറിലുണ്ടായിരുന്ന മൊബൈല്‍ നമ്പരില്‍ പൊലീസ് ബന്ധപ്പെട്ടെങ്കിലും അയാള്‍ നിരപരാധിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൈക്കോ കില്ലര്‍ പിടിയിലായത്.