സമരം ചെയ്യുന്ന കര്‍ഷകരോട് അതിര്‍ത്തിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി
കര്‍ഷക പ്രക്ഷോഭകര്‍ നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന യഥാര്‍ത്ഥ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് മടങ്ങാന്‍ അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. ഡല്‍ഹി നഗരത്തില്‍ കണ്ട രംഗങ്ങള്‍ ‘ഞെട്ടിപ്പിക്കുന്നതാണ്’. അക്രമം അംഗീകരിക്കാനാവില്ല, സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ സൃഷ്ടിക്കുന്ന സല്‍സ്വഭാവത്തെ ഇത് നിരാകരിക്കും. കര്‍ഷകരോട് എത്രയും വേഗം അതിര്‍ത്തിയിലേക്ക് മടങ്ങാനും അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.
റിപബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. ഡല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസിന്റെ വെടിവെപ്പിനിടെയാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹിയിലെ നിരവധി സ്ഥലങ്ങളില്‍ പൊലീസ് സേനയും പ്രതിഷേധിച്ച കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനാല്‍ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും ഡല്‍ഹി പോലീസ് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. ട്രാക്ടര്‍ റാലി പരേഡിനായി മുന്‍കൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ രാജ്യതലസ്ഥാനം ശാന്തമാകുന്നു. ചെങ്കോട്ടയില്‍ തമ്പടിച്ച കര്‍ഷരില്‍ ഒരു വിഭാഗം മടങ്ങിത്തുടങ്ങി. നിരവധി കര്‍ഷകര്‍ ഇപ്പോഴും ചെങ്കോട്ട പരിസരത്ത് നിലയുറച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ കര്‍ഷകര്‍ പൂര്‍ണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം.