ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതിനെതിരെ തരൂര്‍ ; അക്രമം ഒന്നിനും പരിഹാരമല്ലെന്നു രാഹുല്‍ ഗാന്ധി

കര്‍ഷക സമരത്തിനിടെ ചെങ്കോട്ടയില്‍ ഇരച്ചുകയറിയ കര്‍ഷകര്‍ ഇന്ത്യന്‍ പതാകയ്ക്ക് പകരം തങ്ങളുടെ പതാക ഉയര്‍ത്തിയ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല എന്നും ചെങ്കോട്ടയില്‍ പറക്കേണ്ടത് ത്രിവര്‍ണ പതാകയാണ് എന്നും തരൂര്‍ വ്യക്തമാക്കി. ട്വിറ്ററിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

‘അങ്ങേയറ്റം ദൗര്‍ഭാഗ്യകരം. തുടക്കം മുതലേ ഞാന്‍ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ നിയമരാഹിത്യത്തിന് മാപ്പുകൊടുക്കാനില്ല. റിപ്പബ്ലിക് ദിനത്തില്‍ വിശുദ്ധ ത്രിവര്‍ണ പതാകയാണ് ചെങ്കോട്ടയില്‍ പറക്കേണ്ടത്’ – തരൂര്‍ കുറിച്ചു. പൊലീസ് വെടിവയ്പ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചത് ദുഃഖകരമാണ്. പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നു. ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്. ശക്തിയിലൂടെയല്ല- തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉച്ചയോടെയാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് ഇരച്ചു കയറി കൈയിലുണ്ടായിരുന്ന പതാക മിനാരത്തിന് മുകളില്‍ നാട്ടിയത്.

അതുപോലെ അക്രമം ഒന്നിനും പരിഹാരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. റിപ്പബ്ലിക്ക് ദിനമായ ഇന്ന് കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ കുറിച്ചാണ് രാഹുല്‍ പ്രതികരിച്ചത്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കു പരിക്കേറ്റാലും അത് ഈ രാജ്യത്തിനേല്‍ക്കുന്ന മുറിവാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കര്‍ഷക മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ അപലപിച്ചു കിഴക്കേ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഗൗതം ഗംഭീറും രംഗത്തു വന്നു. അക്രമവും വിധ്വംസ പ്രവൃത്തികളും ഒന്നിനും പരിഹാരമല്ലെന്നു അദ്ദേഹം പറഞ്ഞു.