കല്ലാറില്‍ കാട്ടാന ചരിഞ്ഞതു ഷോക്കേറ്റ്; വസ്തു ഉടമ അറസ്റ്റില്‍

തിരുവനന്തപുരം: കല്ലാറില്‍ കാട്ടാന ചരിഞ്ഞതു ഷോക്കേറ്റാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തില്‍ സ്ഥലം ഉടമ അറസ്റ്റിയിലായി. കല്ലാര്‍ സ്വദേശി കൊച്ചുമോന്‍ എന്ന രാജേഷ് ആണ് അറസ്റ്റിലായത്. രാജേഷിന്റെ പുരയിടത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

റബ്ബര്‍ ഷീറ്റ് ഉണക്കാനുള്ള കമ്പിയില്‍ കടത്തിവിട്ട വൈദ്യുതിയേറ്റാണ് ആന ചരിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടാനായിരുന്നു വൈദുതി കടത്തിവിട്ടത്.

ചരിഞ്ഞ പിടിയാനയെ വിട്ടുപോകാതെ നിന്ന കുട്ടിയാനയുടെ വീഡിയോ ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുയുന്നത് ആയിരുന്നു. ചരിഞ്ഞ അമ്മയാനയെ തൊട്ടും തലോടിയും ഉണര്‍ത്താന്‍ നില്‍ക്കുന്ന നൊമ്പരകാഴ്ച കുട്ടിയാന സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ജനുവരി 23ന് വിതുര കല്ലാറിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ചിന്നംവിളിച്ചും തുമ്പികൈ കൊണ്ടും മുന്‍കാലുകള്‍ കൊണ്ടും തട്ടിവിളിച്ചും അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച ആനക്കുട്ടി ആരെയും അടുത്തേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ല. കുട്ടിയാനയെ വടമിട്ട് കുരുക്കിലാക്കി മാറ്റിയശേഷമാണ് ആനയുടെ അടുത്തേക്ക് വനപാലകര്‍ക്ക് എത്താനായത്. അപ്പോഴേക്കും ആന ചരിഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞിരുന്നു.

സമീപത്തെങ്ങും കാട്ടാനക്കൂട്ടം ഇല്ലാതിരുന്നതിനാല്‍ കുട്ടിയാനയെ കാട്ടിലേക്ക് തിരിച്ചക്കുന്നത് അപകടമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കുട്ടിയാനയെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.