ആന്ധ്രാ ഇരട്ട കൊലപാതകം ; മക്കളുടെ മൃതദേഹത്തിന് ചുറ്റും ഡാന്‍സ് കളിക്കുന്ന അമ്മ ; കൊറോണയെ കുറിച്ചും വിചിത്ര വാദം
രാജ്യം ഞെട്ടിയ ഇരട്ട കൊലപാതക കേസില്‍ ഓരോ ദിവസവും പുറത്തു വരുന്നത് വിചിത്രമായ വിവരങ്ങള്‍. ആന്ധ്രാപ്രദേശിലെ മഡനപ്പള്ളിയില്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ പെണ്മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവം നടന്ന ഞായറാഴ്ച രാത്രി പൊലീസ് സംഘം ഇവരുടെ വീട്ടില്‍ എത്തുമ്പോള്‍ അച്ഛന് ഇറങ്ങിവന്നുവെങ്കിലും അമ്മ മക്കളുടെ മൃതദേഹത്തിന് ചുറ്റും അലറിക്കൊണ്ട് ഡാന്‍സ് കളിക്കുകയായിരുന്നുവെന്നാണ് വിവരം.
പെണ്‍കുട്ടികളുടെ മാതാവിന്റെ പെരുമാറ്റത്തില്‍ സംശയമുള്ളതായാണ് പൊലീസ് പറയുന്നത്. കൈകള്‍ കറക്കി, പരിസരം മറന്ന് ചിരിക്കുന്ന, മനോനില തെറ്റിയ രീതിയിലാണ് ഇവരുടെ പെരുമാറ്റം. ഇത്തരത്തിലുള്ള ഒരു വിഡിയോ തെലുങ്ക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇവര്‍ പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും വിവരമുണ്ട്. മക്കള്‍ മരിച്ചു കിടക്കുന്നത് കണ്ടു പൊട്ടിച്ചിരിച്ചു ഉല്ലാസവതിയായി നടക്കുന്ന അവരുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കൊറോണ വൈറസിനെ കുറിച്ചും വിചിത്ര വാദമാണ് സ്കൂള്‍ പ്രിന്‍സിപ്പലായ പദ്മജയ്ക്കുള്ളത്. പ്രോട്ടോക്കോള്‍ പ്രകാരം ചൊവ്വാഴ്ച പദ്മജയെ കൊവിഡ് പരിശോധനയ്ക്കായി അയച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് ചൈനയില്‍ നിന്നല്ല ഉത്ഭവിച്ചതെന്നും, കലിയുഗത്തിലെ തെറ്റായവ മായ്ച്ചുകളയാന്‍ ദൈവം തന്നെ സൃഷ്ടിച്ചതാണെന്നാണ് ഇവരുടെ വാദം. അതിനാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകാന്‍ ഇവര്‍ വിസമ്മതിച്ചു. കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകമറിയുന്നത്. 27കാരിയായ അലേഖ്യയും 22കാരിയായ സായി ദിവ്യയുമാണ് കൊല്ലപ്പെട്ടത്. കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോള്‍ മക്കള്‍ പുനര്‍ജീവിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ അവകാശവാദം. ഡംബെല്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു അരുംകൊല നടത്തിയത്.