കൊവിഡ് അപകട സാധ്യത കേരളത്തില്‍ കൂടുതല്‍ : മന്ത്രി കെ.കെ.ശൈലജ
രാജ്യത്തു നിലവില്‍ കൊവിഡ് അപകട സാധ്യത കൂടുതലും കേരളത്തിലാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ. ദേശീയ ശരാശരിയേക്കാള്‍ ജനസാന്ദ്രത കേരളത്തില്‍ കൂടുതലാണ്. ഇതിനെയെല്ലാം അതിജീവിച്ച് കൊണ്ടാണ് കേരളത്തില്‍ മരണനിരക്ക് കുറച്ചത്. എല്ലാവരും ഒന്നിച്ച് നിന്നാല്‍ വാക്‌സിന്‍ കേരളത്തില്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.ജീവിതശൈലി രോഗങ്ങളും കേരളത്തിലാണ് കൂടുതലെന്ന് മന്ത്രി പറഞ്ഞു.
ടെസ്റ്റുകള്‍ കുറഞ്ഞതല്ല കേസുകള്‍ വര്‍ധിക്കാന്‍ കാരണം. തെരഞ്ഞെടുപ്പ്, സ്‌കൂളുകള്‍ തുറന്നത്, ആള്‍ക്കൂട്ടം, നിര്‍ദേശങ്ങളുടെ ലംഘനം തുടങ്ങിയവ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണമായെന്നും ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ആലോചനയില്‍ ഉണ്ടെന്നും സംസ്ഥാനത്ത് കേസുകള്‍ കുറയ്ക്കാന്‍ നടപടികള്‍ കര്‍ശനമാക്കുമെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. ഡോക്ടര്‍മാര്‍ സമരത്തിലേക്ക് കടക്കുമെന്ന് കരുതുന്നില്ല. സമരം സംബന്ധിച്ച് ഡോക്ടര്‍മാര്‍ നോട്ടിസ് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.