‘ഒന്നുമില്ലാ’ ത്ത ഒന്ന് പ്രഖ്യാപിച്ചു വണ്‍പ്ലസ്’ സഹ സ്ഥാപകന്‍ ; ആകാംക്ഷയില്‍ ടെക് ലോകം
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസില്‍ നിന്നും രാജിവെച്ച സഹ സ്ഥാപകന്‍ കാള്‍ പേയ് തന്റെ പുതിയ കമ്പനിയുടെ പേര് പ്രഖ്യാപിച്ചു. ‘ഒന്നുമില്ല’ എന്നര്‍ഥമാക്കുന്ന ‘Nothing’ എന്നാണ് അദ്ദേഹം തന്റെ കണ്‍സ്യൂമര്‍ ടെക്നോളജി കമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്. ലണ്ടന്‍ അടിസ്ഥാനമാക്കിയുള്ള ‘നത്തിങ്’ തുടക്കത്തില്‍ ഒരു ഓഡിയോ ഡിവൈസുകള്‍ക്ക് മാത്രമായുള്ള കമ്പനിയായിരിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അവര്‍ സ്മാര്‍ട്ട് ഉപകരണങ്ങളും നിര്‍മിച്ചേക്കും.
” സാങ്കേതിക വിദ്യയില്‍ രസകരമായ എന്തെങ്കിലും സംഭവിച്ചിട്ട് കാലം കുറച്ചായി. ഇനി പുതിയ മാറ്റങ്ങളുടെ സമയമാണ്” നത്തിങ്ങിന്റെ സ്ഥാപകനായ കാള്‍ പേയ് ഒരു ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ആഗോളതലത്തില്‍ വണ്‍പ്ലസ് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സമയത്തായിരുന്നു അദ്ദേഹം കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കമ്പനിയില്‍ നിന്ന് പടിയിറങ്ങിയത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം കാള്‍ പേയ് പുതിയ കമ്പനിയെ കുറിച്ച് പ്രഖ്യാപനവും നടത്തി. അതില്‍ നിക്ഷേപിക്കുന്ന വമ്പന്‍മാരെയും അദ്ദേഹം പരിചയപ്പെടുത്തിയിരുന്നു. അതേസമയം എന്താണ് പുതുതായി കാള്‍ പേയ് പരിചയപ്പെടുത്തുവാന്‍ പോകുന്നത് എന്ന ആകാംക്ഷയിലാണ് ടെക് ലോകം.