എം. ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്‍പതുവരെയാണ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്. കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് കോടതി അനുമതിയോടെ എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് കസ്റ്റംസിന്റെ ഈ നിര്‍ണായക നടപടി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല ഇക്കാര്യത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ 15 കോടിയോളം രൂപ ശിവശങ്കറിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് ഡോളറായി കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനിടയില്‍ കേസില്‍ എം. ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. അത് അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം ശിവശങ്കറിന് ജാമ്യം ലഭിച്ചെങ്കിലും ഇന്ന് ഡോളര്‍ കടത്ത് കേസ് കോടതി ജാമ്യം നല്‍കിയില്ല.