താണ്ഡവ് വെബ് സീരീസ് ; അറസ്റ്റ് ഒഴിവാക്കണമെന്ന അണിയറക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളി
അറസ്റ്റ് ഒഴിവാക്കണമെന്ന താണ്ഡവ് വെബ് സീരീസ് സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവരുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. ആമസോണ്‍ പ്രൈം ഇന്ത്യ മേധാവി അപര്‍ണ പുരോഹിത്തും അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയും സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍എസ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വെബ് സീരീസ് ഡയറക്ടര്‍ അലി അബ്ബാസ് സഫറിനും മറ്റുള്ളവര്‍ക്കുമെതിരെ വിവിധ സംസ്ഥാനങ്ങളില്‍ സമര്‍പ്പിച്ച പരാതികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചിരുന്നു.
‘നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം കേവലമല്ല. അതിന്റെ പേരില്‍ ഒരു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല,’ ബെഞ്ച് പറഞ്ഞു. സഫര്‍, പുരോഹിത് എന്നിവരെ കൂടാതെ നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്റ, ഷോയുടെ എഴുത്തുകാരന്‍ ഗൌരവ് സോളങ്കി, നടന്‍ മുഹമ്മദ് സീഷന്‍ അയ്യൂബ് എന്നിവര്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ മൂന്ന് പ്രത്യേക ഹര്‍ജികള്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിന്റെ (ഐപിസി) 153 എ, 295 വകുപ്പുകള്‍ പ്രകാരം മതവികാരം വ്രണപ്പെടുത്തുന്നതിനും മതത്തെ അപമാനിക്കുന്നതിനും എതിരായ ക്രിമിനല്‍ കേസുകള്‍ വെബ് സീരീസ് നേരിടുന്നു.
‘താണ്ഡവ്’ നിര്‍മ്മാതാക്കള്‍ക്കും കലാകാരന്മാര്‍ക്കും എതിരെ ഉത്തര്‍പ്രദേശിലെ ലഖ്നൗ, ഗ്രേറ്റര്‍ നോയിഡ, ഷാജഹാന്‍പൂര്‍ എന്നിവിടങ്ങളില്‍ കുറഞ്ഞത് മൂന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യു പി പോലീസ് ഉദ്യോഗസ്ഥരെയും ഹിന്ദു ദൈവങ്ങളെയും വെബ് സീരീസില്‍ അനുചിതമായും അപഹസിക്കുന്ന രീതിയില്‍ ചിത്രീകരിച്ചതായാണ് പരാതി.
മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വെബ് സീരീസ് നിര്‍മ്മിക്കുന്നതും സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആളുകള്‍ക്കെതിരെ സമാനമായ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകളെയും പോലീസ് ഉദ്യോഗസ്ഥരെയും കേസില്‍ കക്ഷികളാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം എഫ് ഐ ആറുകള്‍ ഒരുമിച്ച് രജിസ്റ്രര്‍ ചെയ്യുന്നതിന് സുപ്രീം കോടതി ബുധനാഴ്ച നോട്ടീസ് നല്‍കിയിട്ടുണ്ട്.
സെയ്ഫ് അലി ഖാന്‍ നായകനായ ‘താണ്ഡവ്’ വെബ് സീരീസിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ കേസ് ഉയര്‍ന്ന സാഹചര്യത്തില്‍ കരീന കപൂറിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. സീരീസിന്റെ ഉള്ളടക്കത്തിനെതിരെ ബി.ജെ.പി. ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ശേഷം എഫ്.ആര്‍.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആമസോണ്‍ പ്രൈമിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സീരീസ് ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലെ ഉള്ളടക്കം അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ തരത്തിലാണ് ഇതിലെ അവതരണമെന്നും ചിത്രം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം നിരീക്ഷിച്ചു.