രാജ്യത്തെ ആദ്യ 5G നെറ്റ്വര്‍ക്ക് വിജയകരമായി പരീക്ഷിച്ച് എയര്‍ ടെല്‍

ഇന്ത്യയില്‍ ആദ്യമായി 5G നെറ്റ്വര്‍ക് പരീക്ഷിച്ച് വിജയിച്ച് എയര്‍ടെല്‍ . ഹൈദരാബാദിലെ കൊമേര്‍ഷ്യല്‍ നെറ്റ്വര്‍ക്കിലാണ് എയര്‍ടെല്‍ തങ്ങളുടെ 5G നെറ്റ്വര്‍ക്ക് പരീക്ഷിച്ചത്. നോണ്‍ സ്റ്റാന്‍ഡ് അലോണ്‍ സാങ്കേതിക വിദ്യയിലൂടെ 1800 MHz ബാന്‍ഡില്‍ ലിബറലൈസ്ഡ് സ്‌പെക്ട്രം വഴിയാണ് എയര്‍ടെല്‍ പരീക്ഷണം നടത്തിയത്. റേഡിയോ, കോര്‍, ട്രാന്‍സ്പോര്‍ട് തുടങ്ങി എല്ലാ ഡൊമെയ്നുകളിലുമുള്ള എയര്‍ടെല്ലിന്റെ നെറ്റ്വര്‍ക്കില്‍ 5G ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് ഈ പരീക്ഷണം സ്ഥിരീകരിച്ചു.

ഇപ്പോള്‍ നിലവിലുള്ള മറ്റ് സാങ്കേതിക വിദ്യകളെക്കാള്‍ പത്തിരട്ടി വേഗതയില്‍ എയര്‍ടെല്‍ 5G നെറ്റ്വര്‍ക്ക് ലഭിക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചു. ഹൈദരാബാദില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 5G നെറ്റ്വര്‍ക്ക് നല്‍കിയപ്പോള്‍ കുറച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഒരു മുഴുവന്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. ആവശ്യമായ സ്‌പെക്ട്രം ലഭിച്ച് കഴിയുമ്പോള്‍ 5G നെറ്റ്വര്‍ക്ക് എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കുമെന്നും ഗവണ്‍മെന്റ് അനുമതി ലഭിച്ച് കഴിഞ്ഞുവെന്നും എയര്‍ടെല്‍ അറിയിച്ചു. അത് മാത്രമല്ല ഉപഭോക്താക്കള്‍ക്ക് 5G നെറ്റ്വര്‍ക്ക് ലഭിക്കാന്‍ സിം കാര്‍ഡുകള്‍ മാറ്റുകയും വേണ്ട.